തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി മുന്‍ കോണ്‍ഗ്രസ് നേതാവ് പിഎസ് പ്രശാന്ത് നാളെ (നവംബര്‍ 14) ചുമതലയേല്‍ക്കും. രാവിലെ 11ന് ദേവസ്വം ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് കെ.അനന്തഗോപനില്‍ നിന്ന് പ്രശാന്ത് ചുമതലയേറ്റെടുക്കും. രണ്ടു വര്‍ഷമാണ് പ്രസിഡന്‍റിന്‍റെ കാലാവധി. പ്രശാന്തിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.
2021 നവംബറില്‍ പ്രസിഡന്‍റ് സ്ഥാനമേറ്റെടുത്ത അനന്തഗോപന്‍റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. കെ എസ് യുവിലൂടെ പൊതു രംഗത്തെത്തിയ പ്രശാന്ത്, കെ എസ് യു തിരുവനന്തപുരം ജില്ല പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്, കെപിസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്നു. 2021 ല്‍ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി.
തെരഞ്ഞെടുപ്പില്‍ തന്‍റെ പരാജയത്തിനു പിന്നില്‍ മുന്‍ എംഎല്‍എ ആയ പാലോട് രവിയുടെ നിസഹകരണമാണെന്നാരോപിച്ച് പ്രശാന്ത് കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിശോധിക്കാന്‍ കെപിസിസി ഒരു സമിതിയെ നിയോഗിച്ചെങ്കിലും പുന:സംഘടനയില്‍ ആരോപണ വിധേയനായ പാലോട് രവിയെ തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായി നിയമിച്ചതിനു പിന്നാലെ പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തുകയായിരുന്നു. കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയിലുള്‍പ്പെടുത്തി സിപിഎം പ്രശാന്തിന് പുതിയ പ്രവര്‍ത്തന മേഖല നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റാക്കി നിയമിച്ച് പുതിയ അംഗീകാരം നൽകിയത്. 2025 നവംബര്‍ വരെ പ്രശാന്തിന് പ്രസിഡന്‍റായി തുടരാം.