തിരുവനന്തപുരം: ലോക്ക് ഡൗണിൽ തളർന്ന സംസ്ഥാനത്തെ ലോട്ടറി വ്യാപാരം പ്രതിസന്ധികൾ അതിജീവിച്ച് പുത്തനുണർവിലേക്ക്. നിലവിലെ കുതിപ്പ് തുടർന്നാൽ മൂന്നോ നാലോ മാസത്തിനുള്ളിൽ പഴയ നിലയിലേക്ക് വ്യാപാരം എത്തുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. മാർച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ നഷ്ടപ്പെട്ട വ്യാപാരം അൺലോക്ക് തുടങ്ങിയ ജൂൺ മുതൽ മെച്ചപ്പെടുന്നതാണ് പ്രതീക്ഷയ്ക്ക് വക നൽകുന്നത്. തുടർന്ന് അൺലോക്ക് ഓരോ ഘട്ടം പിന്നിടുമ്പോഴും വ്യാപാരം വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ലോട്ടറി ഏജൻസികൾക്ക് കുറവുണ്ടായിട്ടില്ല. ഏജന്‍റുമാരുടെ തൊഴിലാളികളായാണ് ഭൂരിഭാഗം വിൽപ്പനക്കാരും പ്രവർത്തിക്കുന്നത്. അതേസമയം ലോട്ടറി ഓഫീസിൽ നിന്ന് നേരിട്ട് ടിക്കറ്റെടുത്തു വിൽക്കുന്നവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. ലോക്ക് ഡൗൺ കാലത്തെ പ്രതിസന്ധി നീങ്ങി വ്യാപാരം മെച്ചപ്പെട്ടുവെന്നാണ് വിൽപ്പനക്കാരും പറയുന്നത്.
കൊവിഡ് കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പകച്ചെങ്കിലും സാധാരണക്കാർ ലോട്ടറി എടുക്കുന്നത് തുടരുകയാണ്. സാമ്പത്തിക ഭദ്രതയിലേക്കുള്ള കുറുക്കുവഴി എന്നതാണ് ലോട്ടറിയിലേക്കുള്ള ആകർഷണമെന്നാണ് മനശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നികുതിയിതര വിഭാഗത്തിൽ കഴിഞ്ഞ വർഷം സംസ്ഥാന വരുമാനത്തിൽ ഏറ്റവും വലിയ സംഭാവന ലോട്ടറി വകുപ്പിന്‍റേതായിരുന്നു. ഇത്തവണ അത് സാധ്യമായേക്കില്ല. കൊവിഡ് വരുത്തിയ കുറവുകൾ വരും നാളുകളിലെ വ്യാപാരത്തിലൂടെ നികത്താമെന്നാണ് വകുപ്പിന്‍റെ കണക്കുകൂട്ടൽ.