തിരുവനന്തപുരം: കാട്ടാക്കടയിൽ ഉദ്ഘാടന ദിവസം തന്നെ വ്യാപാരശാലയുടെ പ്രവർത്തനം തടഞ്ഞ് ചുമട്ടു തൊഴിലാളി യൂണിയനുകൾ. അവകാശപ്പെട്ട ജോലി നിഷേധിച്ചെന്നാരോപിച്ചാണ് സമരം. നിയമാനുസൃതമായ കൂലി നൽകി പത്തുപേർക്ക് സ്ഥിരം തൊഴിൽ നൽകാൻ തയ്യാറാണെന്ന ഉടമയുടെ വ്യവസ്ഥയും യൂണിയനുകൾ തളളി.
എസ് കെ ട്രേഡേഴ്‌സ് എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്‌തതിന് പിന്നാലെയാണ് ചുമട്ടു തൊഴിലാളികൾ സമരം തുടങ്ങിയത്. തൊഴിലാളികളെ കബളിപ്പിച്ച് അസിസ്‌റ്റന്‍റ് ലേബർ ഓഫിസർ തൊഴിലുടമയ്ക്ക് കാർഡ് നൽകിയെന്നാരോപിച്ചാണ് സംയുക്ത സമിതി രൂപീകരിച്ച് സമരമാരംഭിച്ചത്. അനധികൃത കാർഡുപയോഗിച്ചു കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് സ്ഥാപനത്തിന്‍റെ പ്രവർത്തനം എന്നാണ് തൊഴിലാളികളുടെ ആരോപണം.
നിയമാനുസൃതമായ വേതനത്തിൽ പത്തുപേർക്ക് സ്ഥിരം ജോലി നൽകാമെന്ന് ഉടമ സമ്മതിച്ചെങ്കിലും യൂണിയൻ നേതാക്കൾ വഴങ്ങിയില്ല. ഭീമമായ നോക്കുകൂലിയാണ് ചുമട്ടു തൊഴിലാളികൾ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥാപനം തുടങ്ങാൻ ഒരുങ്ങിയപ്പോൾ തന്നെ തൊഴിലാളി യൂണിയനുകൾ ഉടമയെ സമീപിച്ചിരുന്നു. ഭാരിച്ച തുക ആവശ്യപ്പെട്ടതോടെയാണ് സുദർശനൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് സ്ഥാപനം തുറന്നത്. എന്നാൽ സ്ഥാപനത്തിന്റെ ഷട്ടറുയർന്നപ്പോൾത്തന്നെ അതിനുമുമ്പിൽ പട്ടിണി സമരവുമായി ഉപരോധം തീർക്കുകയായിരുന്നു തൊഴിലാളി യൂണിയനുകൾ.