തിരുവനന്തപുരം: ഒന്നാം ക്ലാസുകാരി മിത്രക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അപ്രതീക്ഷിത ഓണ സമ്മാനം. വേളി ടൂറിസ്റ്റ് വില്ലേജിൽ പുതുതായി നീറ്റിലിറക്കിയ സ്‌പീഡ് ബോട്ടിന് മിത്രയുടെ പേര് നല്‍കി.
ഫ്ലാഗ് ഓഫ് കഴിഞ്ഞ് ആദ്യം സവാരി നടത്തിയ സ്പീഡ് ബോട്ടിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യം ക്ഷണിച്ചത് ഒന്നാം ക്ലാസുകാരി മിത്രയെ ആയിരുന്നു. കോട്ടുകാൽ സ്വദേശിയായ മിത്ര അച്ഛനോടും അമ്മയോടുമൊപ്പം ടൂറിസ്റ്റ് വില്ലേജ് കാണാനെത്തിയതായിരുന്നു. ആദ്യമൊന്നു ഭയന്നെങ്കിലും മന്ത്രിയോടൊപ്പമുള്ള മിത്രയുടെ യാത്രാനുഭവം പങ്കുവയ്ക്കാന്‍ കുടുംബം മറന്നില്ല. ഓണത്തോടനുബന്ധിച്ച് വേളിയിൽ രണ്ട് സ്പീഡ് ബോട്ടുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്‌തത്. ഉത്രാട ദിനത്തിലിറങ്ങിയതിനാൽ രണ്ടാമത്തെ ബോട്ടിന് ഉത്രാടമെന്നും പേരു നൽകി. ശംഖുകുളത്തിൽ ആരംഭിച്ച അഞ്ച് പെഡൽ ബോട്ടുകളുടെ ഫ്ലാഗ് ഓഫും മന്ത്രി നിർവ്വഹിച്ചു.