തിരുവനന്തപുരം: പ്രദേശവാസികള്‍ക്കും വാഹനയാത്രികര്‍ക്കും അപകട ഭീഷണിയായി ഒരു ഇലവ്. തലസ്ഥാന നഗരത്തില്‍ കൈതമുക്ക് പേട്ട റോഡില്‍ ചമ്പക്കട ജങ്‌ഷനിലാണ് കാലപ്പഴക്കം സംഭവിച്ച ഈ മരം സ്ഥിതി ചെയ്യുന്നത്. 40 വര്‍ഷത്തോളം പഴക്കമുള്ള മരത്തിന്‍റെ ഉള്‍വശം ദ്രവിച്ച നിലയിലാണ് ഇപ്പോള്‍.
കിഴക്കേക്കോട്ട, കൈതമുക്ക്, ശ്രീകണ്‌ഠേശ്വരം, തകരപ്പറമ്പ് ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന പാതകളിലൊന്നാണ് പേട്ട കൈതമുക്ക് റോഡ്. വിദ്യാര്‍ഥികളും യാത്രക്കാരുമായി നിരവധി ആളുകളാണ് ദിവസേന ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്. ഇരുചക്രവാഹവനത്തില്‍ ഉള്‍പ്പടെ യാത്രക്കാര്‍ ഇതുവഴി കടന്നുപോകുമ്പോള്‍ അവരുടെ ദേഹത്തേക്ക് മരത്തിലെ കായില്‍ നിന്നും പഞ്ഞിയും, തോടുമെല്ലാം പൊടുന്നനെ വന്ന് വീഴാറുണ്ട്.
ഇതേതുടര്‍ന്ന് നിരവധി വാഹനാപകടങ്ങളും ഈ ജങ്‌ഷനില്‍ ഉണ്ടായിട്ടുണ്ട്. ബലക്ഷയം സംഭവിച്ചിരിക്കുന്ന ഈ മരം വലിയ ഒരു കാറ്റടിച്ചാല്‍ താഴെ വീഴുന്ന അവസ്ഥയിലാണുള്ളതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. മരത്തിന്‍റെ അവസ്ഥ ചൂണ്ടിക്കാണിച്ച് 6 വര്‍ഷം മുന്‍പ് 2017 ല്‍ കൈതമുക്ക് സൗഹൃദം റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍, ഫണ്ട് ഇല്ല എന്ന കാരണത്താല്‍ മരം മുറിച്ച് മാറ്റാനുള്ള നടപടി ഉണ്ടായില്ല. കൂറ്റൻ മരം ഉയർത്തുന്ന ഭീഷണിക്ക് പുറമേ ഇപ്പോൾ മരത്തിൽ നിന്ന് പൊട്ടി പറക്കുന്ന പഞ്ഞിയും സമീപവാസികൾക്ക് ഗുരുതരമായ ആസ്‌മ രോഗം ഉണ്ടാക്കുന്നുണ്ട്.
മരത്തിൻ്റെ സമീപവാസിയായ ലൈല ബീവി നൽകിയ പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നഗരസഭ സെക്രട്ടറിയോട് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ മരം മുറിക്കാൻ വൈകും തോറും ഭയത്തോടെയാണ് തങ്ങൾ ജീവിക്കുന്നതെന്ന് സമീപവാസികൾ പറയുന്നു.