തിരുവനന്തപുരം: ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. നഗരമേഖലകളിലും ഗ്രാമങ്ങളിലും രോഗം വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. തീരമേഖലകളായ പൂന്തുറ, ബീമ്മാപള്ളി, പുല്ലുവിള, പെരുമാതുറ ഭാഗങ്ങളിലാണ് നേരത്തേ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചിരുന്നത്. നഗരത്തിലെ രാമചന്ദ്രഹൈപ്പര്‍ മാര്‍ക്കറ്റിലെ 78 ജീവനക്കാര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ളവരുടെ പരിശോധന ഫലം ഇനിയും പുറത്തുവരാനുണ്ട്. ദിവസവും വന്‍തിരക്ക് അനുഭവപ്പെടുന്ന ഇവിടെ എത്തിയവരെ കണ്ടെത്തുക അസാധ്യമാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. അതിനാലാണ് ഇവിടെയെത്തിയവരെല്ലാം പരിശോധനക്ക് സ്വയം തയ്യാറാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ കൂടുതലായി എത്തുന്നത് എന്നതിനാല്‍ ഗ്രാമമേഖലകളിലേക്ക് വ്യാപകമായി രോഗം എത്തിയിരിക്കാമെന്നാണ് നിഗമനം.
നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കലക്ടര്‍ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ ദിവസം 339 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്കടക്കം എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിരുന്നു. ഇതോടെ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം അടച്ചു. ഇവിടെ പ്രവേശിപ്പിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥരീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്നും രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന സൂചനകളാണ് നിലവിലുള്ളത്.
രോഗികളുടെ വിവരങ്ങള്‍ പുറത്ത് വരുന്നതനുസരിച്ചാണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പുതിയതായി മൂന്ന് പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്‍റ് സോണാക്കിയിട്ടുണ്ട്. കരിങ്കുളം, കഠിനംകുളം, ചിറയിന്‍കീഴ് പഞ്ചായത്തുകളാണ് മുഴുവനായി അടച്ചത്. നഗരസഭാ പരിധിയിലെ രണ്ട് വാര്‍ഡുകളും നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന കരകുളം ഗ്രാമ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളും നിയന്ത്രിത മേഖലകളാക്കി. രണ്ട് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പൊലീസ് ക്രൈംബ്രാഞ്ച് ആസ്ഥാനവും അടച്ചു.