തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിൻ്റെ ശരീരത്തിൽ 12 ചതവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ഇത് ഹൃദയാഘാതത്തിന് ആക്കം കൂട്ടിയിരിക്കാമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 28 ന് മരിച്ച നെല്ലിയോട് സ്വദേശി ചരുവിള പുത്തൻവീട്ടിൽ സുരേഷിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്.
ശരീരത്തിൽ പരുക്കുകളില്ലെന്നും ഹൃദയാഘാതം മൂലമാണ് 40 കാരന്‍ മരിച്ചതെന്നുമായിരുന്നു ഇതുവരെ പൊലീസിൻ്റെ വിശദീകരണം. താടിയെലിന് താഴെ കഴുത്തിൻ്റെ വലത്തു വശത്ത്, കഴുത്തിന് മുന്നിൽ ഇടതുഭാഗത്ത്, വലതുകാലിൻ്റെ തുടയിൽ പിൻഭാഗത്ത്, തോളിന് താഴെ ഇടതുകൈയുടെ പിൻഭാഗത്ത്, കാൽമുട്ടിന് മുകളിൽ ഇടതുതുടയുടെ പിൻഭാഗത്ത്, മുതുകുകളില്‍ എന്നിവിടങ്ങളിലാണ് ചതവുള്ളത്.
ALSO READ: ഇടുക്കിയില്‍ 12 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍
ഇത് എങ്ങനെ സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ ഇല്ല. എന്നാൽ ദേശീയ മനുഷ്യാവകാശ കമ്മിഷന് നൽകുന്ന റിപ്പോർട്ടിൽ ഇക്കാര്യം വിശദമാക്കും. ആദ്യം ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് ഇപ്പോൾ അന്വേഷണം നടത്തുന്നത് സംസ്ഥാന ക്രൈംബ്രാഞ്ചാണ്. സുരേഷിനൊപ്പം പിടിയിലായ നാലുപേരുടെ മൊഴിയും സ്റ്റേഷന് മുന്‍പിലെ സി.സി.ടി.വി ദൃശ്യങ്ങളും നിർണായകമാകും. ഫെബ്രുവരി 27ന് ജഡ്‌ജിക്കുന്ന് സന്ദര്‍ശിച്ച ദമ്പതികളെ ആക്രമിച്ചതിനാണ് സുരേഷ് ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.