തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള കുടിശികയില്ലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ശമ്പള കുടിശികയുണ്ടെന്ന് ദുർവ്യാഖ്യാനം ചെയ്‌ത് തെറ്റായ പ്രചാരണം നടത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ശമ്പളം നൽകാനുള്ള ദിവസം മാറിയേക്കാം. എന്നാൽ കുടിശിക വരുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജീവനക്കാർക്ക് ശമ്പളം ഒരുമിച്ച് നൽകാൻ തന്നെയാണ് സർക്കാരും ആഗ്രഹിക്കുന്നത്. ധനവകുപ്പിൽ നിന്ന് ലഭ്യമാകുന്ന പണം വൈകുന്നതുകൊണ്ടാണ് ജീവനക്കാർക്ക് കൃത്യം അഞ്ചാം തീയതി ശമ്പളം നൽകാൻ സാധിക്കാത്തത്. പല കാരണങ്ങളാൽ ധനവകുപ്പിൽ നിന്ന് ലഭ്യമാകേണ്ട തുക വൈകുകയാണ്.
ധനമന്ത്രി കെ എൻ ബാലഗോപാലുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും. അതേസമയം ശമ്പളവും ടാർഗെറ്റുമായി ഒരു ബന്ധവുമില്ലെന്ന് ജീവനക്കാർക്ക് ബോധ്യമായെന്നും മന്ത്രി പറഞ്ഞു. നിർബന്ധിത വി ആർ എസ് സർക്കാർ നയമല്ല.
നിർബന്ധിത വി.ആർ.എസ് ഇല്ലെന്നും ജീവനക്കാർക്ക് ബോധ്യപ്പെട്ടു. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ തുടർ ചർച്ചകൾക്ക് സർക്കാർ ഒരുക്കമാണ്. സമരം ചെയ്‌തതുകൊണ്ട് പ്രശ്‌ന പരിഹാരമുണ്ടാകില്ല. വിഷയത്തിൽ മൂന്ന് യൂണിയനുകളുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു. കെഎസ്ആർടിസിയിലേത് മനപ്പൂർവം ആരുമുണ്ടാക്കിയ പ്രതിസന്ധിയല്ല. ഈ മാസത്തെ ശമ്പളം അഞ്ചാം തീയതി തന്നെ പകുതി നൽകി.
ധനവകുപ്പിൽ നിന്ന് പണം ലഭിച്ചാൽ ശമ്പളം വിതരണം പൂർത്തിയാക്കും. കെഎസ്ആർടിസിയിലെ പ്രതിസന്ധി ഘട്ടംഘട്ടമായി മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്. ഇന്ധനത്തിനുള്ള ബൾക് പർച്ചേസ് കേന്ദ്രസർക്കാർ എടുത്തു മാറ്റി. ഇത് കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കി.
വരവ് ചെലവിലെ അസമത്വം: വരുമാനത്തെക്കാൾ കൂടുതലാണ് കെഎസ്ആർടിസിയുടെ ചെലവ്. ഡിസംബർ മാസത്തിലെ വരവ് ചെലവ് കണക്കുകൾ യൂണിയനുകളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ മാർച്ച് 26, 27 തീയതികളിൽ കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തി.
ട്രെയിൻ സർവീസിലെ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് കെഎസ്ആർടിസി റെഗുലർ സർവീസുകൾക്ക് പുറമെ അധിക സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി കെഎസ്ആർടിസി വാർത്ത കുറിപ്പിൽ അറിയിച്ചു.
ട്രാക്ക് മെയിന്‍റനൻസിന്‍റെ ഭാഗമായാണ് 26, 27 തീയതികളിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 26ന് തിരുവനന്തപുരം-കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസ്, എറണാകുളം-ഷൊർണൂർ മെമു, എറണാകുളം-ഗുരുവായൂർ എക്‌സ്‌പ്രസ് എന്നീ ട്രയിൻ സർവീസുകളാണ് റദ്ദാക്കിയത്.
27ന് കണ്ണൂർ-തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിൻ സർവീസും റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകളുടെ റിസർവേഷൻ പ്രകാരം യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് കണ്ണൂരിലേക്ക് അധിക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് കെഎസ്‌ആര്‍ടിസി മാനേജ്മെന്‍റ് വ്യക്തമാക്കി.
തൊഴിലാളി യൂണിയനുകളുമായുള്ള ചര്‍ച്ച പരാജയം: കണ്ണൂർ, പാലക്കാട്, മൂന്നാർ ഭാഗങ്ങളിലേക്കാണ് അധിക സർവീസുകൾ. അതേസമയം ശമ്പളം ഗഡുക്കളായി നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മന്ത്രി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ച ധാരണയാകാതെ പിരിഞ്ഞു. ഗഡുക്കളായി ശമ്പളം നൽകുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് അംഗീകൃത തൊഴിലാളി യൂണിയനുകൾ പ്രതികരിച്ചു.