തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ കൂളിമാട് പാലം തകര്‍ന്ന സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് തിരിച്ചയച്ചിട്ടില്ലെന്നും ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു. എന്നാല്‍ പാലം തകര്‍ന്ന് വീണതിന് ഉത്തരവാദിത്തം പാലം ഉയര്‍ത്തുന്നതിന് ഉപയോഗിച്ച ജാക്കിയുടെ തലയില്‍ വയ്‌ക്കുക മാത്രമാണെന്നും, നിര്‍മ്മാണ കമ്പനിക്ക് ഏറ്റവും മികച്ച സഹകരണ സ്ഥാപനത്തിനുള്ള അവാര്‍ഡ് നല്‍കി ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തതെന്നും പ്രതിപക്ഷം ആരോപിച്ചു.
പാലാരിവട്ടം പാലത്തിന്‍റെ പേരില്‍ വലിയ ആക്ഷേപം ഉന്നയിച്ച ഭരണപക്ഷം അന്ന് ഉത്തരവാദിത്തം മന്ത്രിയുടെ തലയില്‍ വച്ചെങ്കില്‍ കൂളിമാട് പാലത്തിന്‍റെ കാര്യത്തില്‍ മന്ത്രിക്കും കരാറുകാര്‍ക്കും ഉത്തരവാദിത്തം ഇല്ലാതാകുന്നത് എങ്ങനെയെന്ന് സണ്ണി ജോസഫ്, റോജി എം.ജോണ്‍, അന്‍വര്‍ സാദത്ത് തുടങ്ങിയ എം.എല്‍.എമാര്‍ ചോദിച്ചു. കൂളിമാട് പാലം തകര്‍ന്നു വീഴുകയായിരുന്നെങ്കില്‍ പാലാരിവട്ടം പാലം തകര്‍ന്നു വീണില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രതിപക്ഷത്തിന് ഇപ്പോഴും പാലാരിവട്ടം പാലത്തിന്‍റെ ഹാങ് ഓവറാണെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു. നിര്‍മ്മാണ കമ്പനിയുടെ സേവനം ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ പലരും എഴുതിയ കത്ത് തന്‍റെ പക്കലുണ്ട്. പക്ഷേ അതൊന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. സര്‍ക്കാരിന് ഏതെങ്കിലും കമ്പനിയോട് മമതയോ വിദ്വേഷമോ ഇല്ല.
ബര്‍മുഡ ഇട്ടാല്‍ ബര്‍മുഡ ഇട്ടു എന്നു തന്നെ പറയുമെന്നും പാന്‍റ് ഇട്ടു എന്ന് പറയില്ലെന്നും പ്രതിപക്ഷം പതിനായിരം വട്ടം പറഞ്ഞാലും കൂളിമാട് പാലം പാലാരിവട്ടം പാലമാകില്ലെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
also read:എ.കെ.ജി സെന്‍റര്‍ ആക്രമണം: അടിയന്തരപ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി