തിരുവനന്തപുരം: മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്നതായി പൊലീസ് പറയുന്ന അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ ഏറ്റുമുട്ടല്‍ നടന്നതിന്റെ സൂചനകളൊന്നുമില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍. മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകൾ താമസിച്ചതായി പറപ്പെടുന്ന ടെന്‍റുകൾ കുട്ടികള്‍ക്ക് കളിക്കാന്‍ പോലും പാകത്തില്‍ ഉയരമില്ലാത്തതാണ്. ഇവിടെ കഴിഞ്ഞ ആറുമാസമായി ഇവര്‍ താമസിച്ചു എന്ന പൊലീസ് ന്യായം വിശ്വസിക്കാന്‍ പ്രയാസമാണ്. ഏറ്റുമുട്ടല്‍ എന്നത് പൊലീസിന്‍റെ തിരക്കഥയാണെന്നും ഇതിന് പിന്നില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയാണെന്നും വി.കെ.ശ്രീകണ്ഠൻ ആരോപിച്ചു. വെടിയുണ്ട ശരീരം തുളച്ച് കടന്നതില്‍ നിന്ന് തന്നെ അടുത്ത് വച്ച് വെടിവയ്ക്കുകയായിരുന്നു എന്നത് വ്യക്തമാണ്. മദ്ധ്യസ്ഥന്‍ മുഖാന്തരം ഇവരെ ചര്‍ച്ചക്ക് വിളിച്ച് വരുത്തിയ ശേഷം വെടിവയ്ക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരമെന്നും ആദ്ദേഹം പറഞ്ഞു.
വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടത് സംബന്ധിച്ച പ്രതിഷേധം ഉയരുന്നതിനിടെ നടന്ന ഈ സംഭവം യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് പൊതു ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് മാദ്ധ്യമ പ്രവര്‍ത്തകരെ കടത്തിവിടാന്‍ തയ്യാറാകണമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു. എം.എല്‍.എ മാരായ എന്‍. ഷംസുദ്ദീന്‍, ഷാഫി പറമ്പില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.