തിരുവനന്തപുരം: ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്‌ടാക്കൾ പിടിയിൽ. തൃച്ചി പൊൻവിള സ്വദേശികളായ ഫ്രാങ്ക്ളിൻ കുമാർ (32) ഇയാളുടെ സഹോദരൻ ജോൺ പോൾ (27) എന്നിവരാണ് നെയ്യാറ്റിൻകര പൊഴിയൂർ പൊലീസിന്‍റെ പിടിയിലായത്. ഉച്ചക്കട സ്വദേശിനിയുടെ നാലര പവന്റെ മാല മോഷ്ടിച്ച സംഭവുമായി ബന്ധപ്പെട്ടാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. പൊഴിയൂരിലെ ബന്ധു വീട്ടിലെത്തിയ ശേഷമാണ് പ്രതികള്‍ മോഷണം നടത്തിയത്. ബന്ധു വീട്ടിലെ ബൈക്കാണ് മോഷണത്തിന് ഉപയോഗിച്ചിരുന്നത്. തമിഴ്നാട്ടില്‍ ഉൾപ്പെടെ ഇരുപതോളം കേസുകളിലെ പ്രതികളാണിവർ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് മോഷണത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.