വട്ടിയൂർക്കാവ്: പ്രളയ ദുരിതാശ്വാസത്തിന് മുന്നിട്ടിറങ്ങിയത് ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന ആരോപണം തള്ളി വട്ടിയൂര്‍കാവിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മേയര്‍ വി.കെ. പ്രശാന്ത്. വട്ടിയൂർക്കാവില്‍ ഇ.ടി.വി. ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ അധിക്ഷേപിക്കുന്നവര്‍ കഴിഞ്ഞ ഓഖി കാലത്ത് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്തു കൊണ്ട് മിണ്ടുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
മേയറും കൗണ്‍സിലര്‍മാരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കി. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 22 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നല്‍കി. ഇക്കാര്യങ്ങളെല്ലാം തീരദേശത്തെയും വട്ടിയൂര്‍കാവിലെയും ജനങ്ങള്‍ക്ക് ബോദ്ധ്യമുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് 2018-ലെ മഹാപ്രളയത്തില്‍ ദുരിതാശ്വാസത്തിന് മത്സ്യതൊഴിലാളികള്‍ വള്ളവുമായി രംഗത്തിറങ്ങിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ ഈ നന്മയുടെ മുന്‍ തൂക്കം വട്ടിയൂര്‍കാവില്‍ എല്‍.ഡി.എഫിന് ലഭിക്കും. ഇത് ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടത്തു നിന്ന് തന്നെ ഒഴിവാക്കിയെന്നു പറയുന്ന മുന്‍ ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആദ്യം അദ്ദേഹം എങ്ങനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു എന്ന് വിശദീകരിക്കട്ടെ. വട്ടിയൂര്‍കാവില്‍ മത്സരിച്ചു എന്നതു കൊണ്ട് കഴക്കൂട്ടത്ത് തനിക്ക് വിലക്കൊന്നുമില്ല. എല്ലാ കാലത്തും വോട്ടുകച്ചവടം നടത്തി പരിചയമുള്ളവരാണ് ഇപ്പോഴും അതു പറയുന്നത്. ഇതൊക്കെ പറഞ്ഞ് വ്യക്തിപരമായി തന്നെ തകര്‍ക്കാനാകില്ല. വിവാദങ്ങള്‍ക്കില്ലെന്നും വട്ടിയൂര്കാവിന്റെ വികസനത്തിനാണ് മുന്‍തൂക്കമെന്നും പ്രശാന്ത് ഇടിവി ഭാരതിനോട് പറഞ്ഞു. പ്രചാരണത്തിലടക്കം ലഭിച്ച മേല്‍ക്കൈ അവസാന നിമിഷം വരെ നിലനിര്‍ത്താനാണ് എല്‍.ഡി.എഫിന്റെ ശ്രമം.