തിരുവനന്തപുരം: മാര്‍ക്ക് ദാന ആരോപണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എംജി സർവകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി. ചെന്നിത്തല നല്‍കിയ പരാതിയിൽ കൂടുതല്‍ നടപടികള്‍ക്കായി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
എം.ജി സര്‍വ്വകലാശാലയില്‍ ചട്ടങ്ങള്‍ മറികടന്ന് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക്ദാനം നടത്തി വിജയിപ്പിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിൻ്റെ ഇടപെടലിനെക്കുറിച്ചും പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചിരുന്നു.