തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 16 ശതമാനത്തില്‍ താഴെയുള്ള ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 15ൽ താഴെ ആളുകള്‍ക്ക് മാത്രമാകും ഒരേ സമയം പ്രവേശനം അനുവദിക്കുക. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബാങ്കിലോ ബാങ്ക് ബ്രാഞ്ചുകളിലോ പ്രവേശനം ഉണ്ടാവില്ല.
സംസ്ഥാനത്ത് നിയന്ത്രണങ്ങളോടു കൂടിയ ഇളവ്
എ, ബി എന്നീ കാറ്റഗറികളിൽപ്പെട്ട പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെയും സി കാറ്റഗറിയില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം അനുവദിക്കും. തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള മദ്യഷാപ്പുകള്‍ അടച്ചിടും. തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കിയിലേക്ക് വരുന്നവര്‍ക്ക് ആന്‍റിജന്‍ പരിശോധന ഫലം നിര്‍ബന്ധമാക്കി. ലോക്ക്ഡൗണുള്ളതിനാല്‍ എല്ലാദിവസവും പോയിവരാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: സംസ്ഥാനത്ത് 12,617 പേർക്ക് കൂടി കൊവിഡ് ; 141 മരണം
വിഭാഗീകരണത്തിന്‍റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങള്‍
തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനത്തില്‍ താഴെയുള്ള എ വിഭാഗത്തിൽ 277 പ്രദേശങ്ങളുണ്ട്. യഥാക്രമം ടിപിആര്‍ എട്ടിനും 16നുമിടയിലുള്ള ബി വിഭാഗത്തില്‍ 575ഉം 16നും 24നും ഇടയിലുള്ള സി വിഭാഗത്തിൽ 171തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
അതേസമയം 11 ഇടത്ത് ടിപിആര്‍ 24 ശതമാനത്തിലും മുകളിലാണ്. ഇവ ഡി-വിഭാഗത്തിലാണുള്ളത്. ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും ജൂണ്‍ 24 മുതല്‍ അടുത്ത ഒരാഴ്‌ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കുക.
Also Read: ദേവസ്വം ബോർഡിന് ഫണ്ട് കണ്ടെത്താനാകുന്നില്ല, തടസം വിവാദങ്ങളെന്ന് മന്ത്രി
ഇൻഡോർ ഷൂട്ടിങിന് അനുമതി; ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കുന്ന കാര്യം പരിഗണനയിൽ
കൊവിഡ് നിയന്ത്രണങ്ങളോടെ ടെലിവിഷൻ സീരിയലുകൾക്ക് ഇൻഡോർ ഷൂട്ടിങിന് അനുമതി നൽകിയിട്ടുണ്ട്. കൂടാതെ മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിമാനത്താവളങ്ങളിൽ ടെസ്റ്റിങ് ലബോറട്ടറി
അതേസമയം പ്രവാസികളുടെ യാത്രയ്ക്ക് സഹായകരമാകും വിധം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്‍റെ സഹകരണത്തോടെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം കൊവിഡ്-19 മോളിക്യുലര്‍ ടെസ്റ്റിങ് ലബോറട്ടറി ആരംഭിക്കും. ഇതിനുള്ള അനുമതി ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.