തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണം കോടതി നിരീക്ഷിക്കും. അന്വേഷണ റിപ്പോർട്ട് ഓരോ മൂന്ന് മാസം കൂടുമ്പോഴും കോടതിക്ക് സമർപ്പിക്കാനും എ.സി.ജെ.എം കോടതി ഉത്തരവിട്ടു . കസ്റ്റംസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് മൊഴി ചോർത്തി നൽകിയെന്ന് ആരോപിച്ച് പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടലുണ്ടായത്. കസ്റ്റംസിന് നൽകിയ മൊഴി ചോർന്ന സംഭവത്തിൽ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.
മൊഴി ചോർത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണം. കസ്റ്റംസ് ചീഫ് കമ്മിഷണറാണ് നടപടി സ്വീകരിക്കേണ്ടത്. സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്, മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണം. പ്രതി കസ്റ്റംസിന് നൽകിയതും അന്വേഷണ സംഘം മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചതുമായ രഹസ്യമൊഴി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ഗുരതര വീഴ്‌ചയാണെന്നാണ് കോടതി വിലയിരുത്തൽ.
അതേസമയം മൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന ആവശ്യം കോടതി തള്ളി. കസ്റ്റംസ് ഉദ്യോഗസ്ഥർ മൊഴി ചോർത്തിയതിനെതിരെ സ്വപ്‌ന നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.