തിരുവനന്തപുരം: പാസുമായി മുംബൈയിൽ നിന്നും തിരുവനന്തപുരത്തെത്തി തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച 52 പേർ സംസ്ഥാന അതിർത്തിയായ ഇഞ്ചി വിളയിൽ കുടുങ്ങി. തമിഴ്‌നാട് സർക്കാർ അനുമതി നൽകാത്തതാണ് യാത്രക്കാർ ദുരിതത്തിലായത്. ട്രെയിൻ മാർഗം തിരുവനന്തപുരത്ത് എത്തിയ ശേഷം കെ.എസ്.ആർ.ടി.സി ബസിലാണ് അതിർത്തി കടക്കാനായി ഇഞ്ചിവിളയിൽ എത്തിയത്. എന്നാൽ തമിഴ്‌നാട് സർക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനാൽ സംഘം മണിക്കൂറുകളോളം അതിർത്തിയിൽ കുടുങ്ങി.
പാസുകൾക്ക് അപേക്ഷിച്ചാണ് സംഘം കേരള അതിർത്തിവരെ എത്തിയത്. എന്നാല്‍ ഇ-പാസിലെ ചില പിഴവുകൾ ആരോപിച്ച് തമിഴ്‌നാട് അതിർത്തി തുറന്നു നല്‍കിയില്ല. ഭക്ഷണം പോലും കിട്ടാതെ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം വലഞ്ഞു. മണിക്കൂറുകൾക്കുശേഷം ഭരണകൂടങ്ങൾ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് യാത്ര അനുമതി നൽകുകയായിരുന്നു. ഇവരെ തമിഴ്‌നാട്ടിലെ നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.