തിരുവനന്തപുരം : ഹോസ്റ്റലില്‍ ഒപ്പം താമസിച്ച വിദ്യാർഥിനിയെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ സഹപാഠി പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലാണ് സംഭവം. ആന്ധ്ര സ്വദേശിനിയായ ദീപികയ്ക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ കോളജിലെ നാലാം വർഷ വിദ്യാർഥിനി ലോഹിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലോഹിതയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുക്കും എന്നാണ് വിവരം. പൊലീസ് കസ്റ്റഡിയിലെടുത്ത ലോഹിതയും ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്. പാൽ പാത്രം ചൂടാക്കിയാണ് ദീപികയെ ലോഹിത പൊള്ളലേൽപ്പിച്ചതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഹോസ്റ്റല്‍ മുറിയിലെ തർക്കവും പിണക്കവുമാണ് പൊള്ളല്‍ ഏല്‍പ്പിക്കാൻ കാരണമെന്നാണ് പരാതി. വിദ്യാർഥിനിയെ പൊള്ളലേൽപ്പിക്കുക മാത്രമല്ല മൊബൈൽ ചാർജർ ഉപയോഗിച്ച് തലയ്ക്കടിച്ചെന്നും പരാതിയിൽ പറയുന്നു. മൂന്ന് ദിവസം മുൻപ് ഉണ്ടായ സംഭവം ഇന്നാണ് പുറംലോകമറിയുന്നത്.
സഹപാഠിയുടെ ആക്രമണത്തെത്തുടർന്ന് മുതുകില്‍ ഗുരുതരമായി പൊള്ളലേറ്റ ദീപിക തിരുവനന്തപുരം ജനറൽ ഹോസ്‌പിറ്റലിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്ന് ഇന്ന് രാവിലെ 10 മണിക്ക് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്.
അതേസമയം യാതൊരു പ്രകോപനവും കൂടാതെയാണ് ലോഹിത ദീപികയെ ആക്രമിച്ചതെന്നാണ് മറ്റ് വിദ്യാർഥികൾ പറയുന്നത്. ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ കേരള സർവകലാശാല നാലംഗ അന്വേഷണ സമിതിയെ നിയോഗിക്കുകയും വിദ്യാർഥിനികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്‌തിട്ടുണ്ട്.
ബ്ലേഡ് കൊണ്ട് ആക്രമണം : കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കാസർകോട് സഹപാഠിയുടെ ശരീരം ബ്ലേഡ് കൊണ്ട് വിദ്യാർഥി കീറി മുറിച്ചിരുന്നു. ഫാസിർ എന്ന 15കാരനാണ് പരിക്കേറ്റത്. ഫാസിർ തമാശയ്‌ക്ക് സഹപാഠിയെ ശല്യം ചെയ്യുകയും, ഇതിൽ പ്രകോപിതനായ സഹപാഠി ഫാസിറിനെ ആക്രമിക്കുകയായിരുന്നു എന്നുമാണ് ക്ലാസിലെ മറ്റ് കുട്ടികളുടെ മൊഴി.
ഫാസിറിന്‍റെ കഴുത്തിന് പിറകിലാണ് സഹപാഠി ആദ്യം മുറിവേൽപ്പിച്ചത്. പിന്നീട് തോളിന് താഴെയും മുറിവേൽപ്പിച്ചു. കുട്ടിയുടെ കഴുത്തിന് ഒൻപത് സ്റ്റിച്ചും കൈയ്‌ക്ക് എട്ട് സ്റ്റിച്ചും ഉണ്ടായിരുന്നു.
വെടിവച്ച് കൊലപ്പെടുത്തി: 2022 മാർച്ചിൽ തർക്കത്തെ തുടർന്ന് സഹപാഠിയെ സുഹൃത്ത് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ന്യൂഡൽഹിയിലായിരുന്നു സംഭവം. കുർഷിദ് എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിന് പുറത്തുവച്ച് കുർഷിദിന് നേരെ സഹപാഠി വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരും തമ്മിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവം നടന്നയുടൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Also read : കുട്ടികൾ തമ്മില്‍ വഴക്കിട്ടു, സുഹൃത്തിനെ സഹപാഠി വെടിവച്ച് കൊന്നു
കോളജ് ഫെസ്റ്റിനിടെ ആക്രമണം : അടുത്തിടെ ബെംഗളൂരിൽ കോളജ് ഫെസ്റ്റിനിടെ വിദ്യാർഥി ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വിദ്യാർഥി കുത്തേറ്റ് കൊല്ലപ്പെട്ടു. ബെംഗളൂരു നഗരത്തിലെ രേവ കോളജിലാണ് ദാരുണമായ സംഭവമുണ്ടായത്. കോളജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയും ഗുജറാത്ത് സ്വദേശിയുമായ ഭാസ്‌കർ ജെറ്റിയാണ് (22) കൊല്ലപ്പെട്ടത്.
രാത്രി വൈകി നടന്ന പരിപാടികൾക്കിടെ ശരീരത്തിൽ തട്ടി എന്ന കാരണത്താൽ രണ്ട് ഗ്യാങ്ങുകൾ തമ്മിൽ തുടങ്ങിയ വാക്കേറ്റം അക്രമത്തിന് വഴിമാറുകയായിരുന്നു. ഇതിനിടെ എതിർ ഗ്യാങ്ങില്‍പ്പെട്ട പ്രതികൾ ഭാസ്‌കറിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളുടെ കയ്യിലും നെഞ്ചിലുമാണ് കുത്തേറ്റത്.