തിരുവനന്തപുരം : യുവാവിനെ ക്രൂരമായി മർദിച്ച പ്രതിയ്ക്ക് സ്റ്റേഷൻ ജാമ്യം നൽകിയ സംഭവത്തിൽ മംഗലപുരം എസ്ഐ തുളസീധരൻ നായരെ സർവീസിൽ നിന്നും സസ്പെന്‍റ് ചെയ്‌തു. തുളസീധരൻ നായർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു. ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസം ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ മംഗലപുരം സ്റ്റേഷനിലെത്തി മൂന്ന് മണിക്കൂറോളം വിശദമായ പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്‌തിരുന്നു. ഡിഐജിയുടെ സന്ദർശനത്തിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘവും സ്റ്റേഷനിലെത്തി. പരിശോധനയിൽ എസ്ഐയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച സംഭവിച്ചതായി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഈ കഴിഞ്ഞ 21നാണ് കണിയാപുരത്ത് ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ പോയ അനസ് എന്ന യുവാവിനെ മസ്‌താൻ മുക്ക് സ്വദേശിയായ ഫൈസൽ അടങ്ങുന്ന മൂന്നംഗ സംഘം ക്രൂരമായി മർദിച്ചത്. മർദനത്തിനിരയായ അനസ് മംഗലപുരം സ്റ്റേഷനിൽ പരാതിയുമായി പോയെങ്കിലും കഠിനംകുളം പൊലീസ് അതിർത്തിയിലാണ് സംഭവം നടന്നതെന്ന് പറഞ്ഞ് എസ്ഐ തുളസീധരൻ നായർ പരാതി സ്വീകരിച്ചില്ല.
അനസ് വീണ്ടും പരാതിയുമായി എസ്ഐയെ സമീപിച്ചപ്പോൾ സ്‌കൂട്ടറിൽ നിന്ന് വീണ് പരിക്ക് പറ്റിയതാണെന്ന് പറഞ്ഞ് യുവാവിനെ മടക്കി അയച്ചു. ഇതിനിടയിൽ യുവാവിനെ ക്രൂരമായി മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിന് ശേഷം ഒരു ദിവസം കഴിഞ്ഞ് മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് എസ്ഐ കേസ് രജിസ്റ്റർ ചെയ്‌തത്.
പിന്നീട് യുവാവിന്‍റെ മൊഴി പോലും രേഖപ്പെടുത്താതെ അറസ്റ്റ് ചെയ്‌ത പ്രതിയായ ഫൈസലിനെ നിസാര വകുപ്പുകൾ ചുമത്തി വളരെ വേഗം സ്റ്റേഷൻ ജാമ്യം നൽകി പറഞ്ഞുവിട്ടു. 2018ൽ മംഗലപുരം സ്റ്റേഷനിൽ കൊലപാതക ശ്രമത്തിന് രജിസ്റ്റർ ചെയ്‌ത കേസിൽ വാറണ്ടുള്ള പ്രതിയാണ് ഫൈസൽ.
അറസ്റ്റ് വാറണ്ട് നിലനിൽക്കെയാണ് അനസിനെ മർദിച്ച കേസിൽ ഫൈസലിന് ജാമ്യം നൽകിയത്. സംഭവം വിവാദമായതോടെയാണ് എസ്ഐക്കെതിരെ പ്രാഥമിക അന്വേഷണം നടന്നത്. അന്വേഷണത്തിൽ എസ്ഐ യുടെ ഭാഗത്തുനിന്നും ഗുരുതര പിഴവ് സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെന്‍ഡ് ചെയ്‌തത്.