തിരുവനന്തപുരം : സ്വകാര്യ വ്യവസായ പാര്‍ക്കുകളും എസ്റ്റേറ്റുകളും രൂപീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്‌കീം 2022 ന് മന്ത്രിസഭയുടെ അംഗീകാരം. ഭേദഗതികളോടുകൂടിയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ചത്. വി കണ്‍സോള്‍ എന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമും വനം വകുപ്പിനായി 20 വാഹനങ്ങളും വാങ്ങാന്‍ ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.
മറ്റ് മന്ത്രിസഭ തീരുമാനങ്ങള്‍ : 2022 - 23 വര്‍ഷത്തെ കരട് മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
- ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടാത്ത, ഒന്നാം ഘട്ടം പൂര്‍ത്തിയായ കുടിവെള്ള പദ്ധതിയുടെ വിതരണ ശൃംഖല കിഫ്ബി മുഖേന നടപ്പിലാക്കുന്നതിനായി അഞ്ച് പദ്ധതികളിലായി 521.2 കോടി രൂപയുടെ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.
- കെ.എസ്.ടി.സി.യുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ പ്രഭുറാം മില്‍സിന്‍റെ അധീനതയിലുള്ള 5.18 ഏക്കര്‍ സ്ഥലം റൈസ് ടെക്നോളജി പാര്‍ക്ക് സ്ഥാപിക്കുന്നതിനായി കിന്‍ഫ്രയ്ക്ക് നല്‍കാന്‍ അംഗീകാരം നല്‍കി.
- സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ / എസ്റ്റേറ്റുകള്‍ രൂപീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്‌കീം - 2022 ഭേദഗതികളോടുകൂടി അംഗീകരിച്ചു.
- ടെക്‌ജെന്‍ഷ്യയുടെ (Techgentsia) പക്കല്‍ നിന്നും വി കണ്‍സോള്‍ എന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം വാങ്ങുന്നതിന് അംഗീകാരം നല്‍കി.
ALSO READ: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു ; മിനിമം നിരക്ക് 10 രൂപ, ഓട്ടോ ടാക്‌സി നിരക്കും കൂട്ടി
- സാക്ഷരതാമിഷന് കീഴില്‍ ജോലി ചെയ്യുന്ന സാക്ഷരതാ പ്രേരക്‌മാരെ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പുനര്‍വിന്യസിക്കുന്നതിന് അംഗീകാരം.
- വനംവകുപ്പിനായി ധനകാര്യ വകുപ്പ് അംഗീകരിച്ച 10 വാഹനങ്ങളും സി.എ.എം.പി.എ (CAMPA) ഫണ്ടില്‍ നിന്ന് 10 വാഹനങ്ങളും അടക്കം 20 എണ്ണം വാങ്ങും.
- പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് ജില്ലാ വികസന കമ്മിഷണര്‍മാരുടെ ഓഫീസില്‍ മൂന്ന് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ 9 എക്‌സിക്യുട്ടീവ് അസിസ്റ്റന്‍റ് തസ്‌തിക സൃഷ്‌ടിക്കാനും തീരുമാനം.