സംസഥാനത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും. സംസ്ഥാനത്തൊട്ടാകെ 2923 കേന്ദ്രങ്ങളിലും ,ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലുമായി 4,35,142 വിദ്യാർഥികളാണ് ഇത്തവണ റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതുന്നത്. ഇതിൽ 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളും ഉൾപ്പെടുന്നു. മാർച്ച് 28 ന് പരീക്ഷകൾ അവസാനിക്കും.
അതേസമയം പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി .രവീന്ദ്രനാഥ് ആശംസയറിയിച്ച് രംഗത്തെത്തി.
ഇത്തവണ ഗൾഫ് മേഖലയിൽ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 682 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമെ പ്രൈവറ്റ് വിഭാഗത്തിൽ ന്യൂ സ്കീമിൽ 1867 പേരും ഓൾഡ് സ്കീമിൽ 333 പേരും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽപേർ പരീക്ഷയെഴുതുന്നത്. 27,436 പേർ. ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് പേർ പരീക്ഷ എഴുതുന്നത്, 2114 പേർ.
ഏറ്റവും കൂടുതൽപേർ പരീക്ഷയെഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പികെഎംഎംഎച്ച്എസ് എടരിക്കോടാണ്. 2411 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷക്ക് ഹാജരാകുന്നത് തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്‍റ് ഗേൾസ് എച്ച് എസ് പെരിങ്ങര രണ്ടു കുട്ടികളാണിവിടെ പരീക്ഷ എഴുതുക. സംസ്ഥാനത്തൊട്ടാകെ 54 കേന്ദ്രീകൃത ക്യാമ്പുകളിലായി ഏപ്രിൽ നാല് മുതൽ മെയ് 5 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യനിർണ്ണയം നടത്തും.