തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനുള്ള പ്ലാസ്‌മ ചികിത്സാ പരീക്ഷണത്തിന് തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്‌നോളജിക്ക് അനുമതി ലഭിച്ച സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പ്രതീക്ഷയോടെ കണ്ണുനട്ട് ലോകം. പരീക്ഷണം വിജയകരമായാല്‍ കൊവിഡ് ദുരിതമനുഭവിക്കുന്ന ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന മൃതസഞ്ജീവനിയാകും ഇത്. പരീക്ഷണത്തിന് ഐ.സി.എം.ആര്‍. അനുമതി നല്‍കിയതിന് പിന്നാലെ പരീക്ഷണത്തിനാവശ്യമായ പ്ലാസ്‌മാ ദാനത്തിന് തയ്യാറായി ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ദാതാക്കള്‍ ശ്രീചിത്രയിലേക്ക് വിളിച്ചു തുടങ്ങി. പ്രധാനമായും കൊവിഡ് ബാധിത രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച ശേഷം സുഖം പ്രാപിച്ചവരാണ് തങ്ങള്‍ പ്ലാസ്‌മാ ദാനത്തിന് തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ശ്രീചിത്രയിലേക്ക് വിളിക്കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യാക്കാരില്‍ നിന്ന് രക്തമെടുക്കുന്നത് അപ്രായോഗികമാണെന്ന്, താല്‍പര്യം പ്രകടിപ്പിച്ച് വിളിച്ചവരെ ശ്രീചിത്ര അറിയിച്ചു.
രോഗമുക്തമായ വ്യക്തിയുടെ രക്തത്തിലെ പ്ലാസ്‌മ വേര്‍തിരിച്ച് രോഗബാധിതരായ വ്യക്തികള്‍ക്ക് നല്‍കിയാല്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് അമേരിക്ക, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ തെളിവ് സഹിതം വ്യക്തമാക്കിയതിന് പിന്നാലെയാണ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുമതി തേടിയത്. പരീക്ഷണത്തിന് തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ഐ.സി.എം.ആർ. അനുമതിക്ക് സമര്‍പ്പിക്കുകയും അനുമതി ലഭിക്കുകയും ചെയ്‌തു. എന്നാല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാലേ പരീക്ഷണം ആരംഭിക്കാനാകൂ. ഈ അനുമതിക്കായി ശ്രീചിത്ര കാത്തിരിക്കുകയാണ്. അതോടൊപ്പം സാധാരണ നിലയില്‍ രക്തദാനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകളില്‍ ഇളവ് വേണമെന്നും ശ്രീചിത്ര ആവശ്യപ്പെട്ടിട്ടുണ്ട്. പകര്‍ച്ച വ്യാധികളില്‍ നിന്ന മുക്തി നേടിയവരും മൂന്ന് മാസത്തിനിടെ വിദേശ യാത്ര നടത്തിയവരും രക്തദാനം നടത്താന്‍ പാടില്ലെന്നാണ് നിബന്ധന. എന്നാല്‍ കൊവിഡ് രോഗബാധിതരില്‍ നിന്ന് പ്ലാസ്‌മ സ്വീകരിക്കാന്‍ ഈ നിബന്ധനയില്‍ ഇളവ് നല്‍കിയാല്‍ മാത്രമേ പരീക്ഷണം വിജയകരമായി നടത്താനാകൂവെന്ന് ശ്രീചിത്ര അറിയിച്ചു. ആരോഗ്യ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളജുകളുടെയും എറണാകുളം ജനറല്‍ ആശുപത്രിയുടെയും സഹകരണത്തോടെയാണ് പരീക്ഷണം.
രക്തദാനത്തിലും ലളിതമായ പ്രക്രിയ
സാധാരണ രക്തദാനത്തിലും ലളിതമാണ് പ്ലാസ്‌മാ ദാനം. ദാതാവില്‍ നിന്ന് രക്തം ശേഖരിക്കുമ്പോള്‍ തന്നെ പ്ലാസ്‌മ വെവ്വേറെയും രക്തത്തിലെ മറ്റ് ഘടകങ്ങള്‍ പ്രത്യേകമായും വേര്‍തിരിക്കപ്പെടുന്നു. ദാതാക്കള്‍ക്ക് സാധാരണ രക്തദാനം ചെയ്യുമ്പോഴുണ്ടാകുന്നതിലും ക്ഷീണം കുറവായിരിക്കും. ശേഖരിക്കുന്ന പ്ലാസ്‌മ മെഡിക്കല്‍ കോളജുകളിലെ ബ്ലഡ് ബാങ്കുകളില്‍ സൂക്ഷിക്കും. സാധാരണ രക്തദാനത്തില്‍ ശേഖരിക്കുന്നതിലും കൂടുതല്‍ അളവില്‍ രക്തം പ്ലാസ്‌മയ്ക്കായി ശേഖരിക്കാനും കഴിയും. സാധാരണ രക്തദാനത്തില്‍ 450 മുതല്‍ 600 മില്ലിഗ്രാം വരെ രക്തം മാത്രം ശേഖരിക്കുമ്പോള്‍ പ്ലാസ്‌മാ ശേഖരണത്തിന് 600 മുതല്‍ 800 മില്ലിഗ്രാം വരെ രക്തം ശേഖരിക്കാം.
ആദ്യ ദാതാവ് കൊവിഡ് മുക്ത ഡോക്‌ടര്‍
ശ്രീചിത്ര മുന്‍കൈയെടുത്തു നടത്തുന്ന പ്ലാസ്‌മാ പരീക്ഷണത്തിന് ആദ്യ ദാതാവായെത്തുക ശ്രീ ചിത്രയിലെ ഡോക്‌ടറാണെന്ന പ്രത്യേകതയുമുണ്ട്. സ്‌പെയില്‍ നിന്ന് മടങ്ങിയെത്തി കൊവിഡ് ബാധിതനായ ശ്രീചിത്രയിലെ ഡോക്‌ടര്‍ പരീക്ഷണത്തിനാവശ്യമായ പ്ലാസ്‌മ നല്‍കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചു കഴിഞ്ഞു. മാര്‍ച്ച് 15നാണ് റേഡിയോളജിസറ്റ് കൂടിയായ ഡോക്‌ടര്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന പരിശോധനാ ഫലം എത്തുന്നത്. ഇതോടെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ റേഡിയോളജി വിഭാഗം അടച്ചിടുകയും രോഗബാധിതനായ ഡോക്‌ടറെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. അസുഖം ഭേദമായ ശേഷം ഇപ്പോള്‍ ആശുപത്രിയില്‍ വിശ്രമിക്കുന്ന ഈ ഡോക്‌ടറാകും കൊവിഡ് രോഗത്തിന് പ്രതിവിധിയായ പ്ലാസ്‌മാ ചികിത്സയ്ക്കുള്ള ഇന്ത്യയിലെ ആദ്യ ദാതാവ്.
കാത്തിരിക്കുന്നത് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതിക്ക്
പരീക്ഷണം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി മാത്രമാണ് ആവശ്യമെന്ന് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി ഡയറക്‌ടര്‍ ഡോ.ആശാ കിഷോര്‍ അറിയിച്ചു. ഈ അനുമതിക്കായി കാത്തിരിക്കുകയാണ്.