തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കെവിഡ് വ്യാപനം. രണ്ട് ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെ 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ അടിയന്തര ചികിത്സ ഒഴികെ മറ്റെല്ലാ പരിശോധനകളും നിര്‍ത്തിവച്ചതായി ശ്രീചിത്ര അറിയിച്ചു. ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന നടത്തിയിരുന്നു.
ഈ മാസം 17,18,19 തീയതികളിലായി നടത്തിയ പരിശോധനയിലാണ് 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ കിടത്തി ചികിതസയിലുള്ള മുഴുവന്‍ രോഗികളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ആര്‍ക്കും രോഗബാധയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊവിഡ് പരിശോധന നടത്തിയ ശേഷം മാത്രമേ അടിയന്തിര ചിക്തസതേടി എത്തുന്നവരെ അഡ്മിറ്റ് ചെയ്യുകയുള്ളൂ. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്‌ത്രക്രിയ മാത്രമേ നടത്തുകയുള്ളൂവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.