തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പാറ്റേൺ നടപ്പാക്കേണ്ടിവരുമെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ജീവനക്കാരെ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുവെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ട്രാൻസ്‌പോർട് സെക്രട്ടറി ബിജു പ്രഭാകർ എന്നിവരുമായി നടന്ന ചർച്ച ശേഷയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിയുമായി ദീർഘമായ ചർച്ച നടന്നു. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാന്‍ സമവായ സാധ്യതകൾ തേടുകയാണ്. വരുമാനം കൂട്ടുന്നതിന് മാനേജ്മെന്റ് ചില നിർദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
യൂണിയനുകളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഉടന്‍: യൂണിയനുകളുമായി നടന്ന ചർച്ചയിലെ വിവരങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഉടൻ തന്നെ യൂണിയനുകളുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തും. യൂണിയനുകളും മാനേജ്മെന്റും സഹകരിക്കണം.
ശമ്പളം കൃത്യമായി കൊടുക്കണമെന്നാണ് സർക്കാർ ലക്ഷ്യം. അതിന് വേണ്ടിയാണ് സർക്കാർ ശ്രമം നടക്കുന്നത്. പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനാണ് ഇന്നും ചർച്ച നടത്തിയത്. ഓണം എല്ലാവർക്കും ആഘോഷിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പള വിതരണത്തിനും ഉത്സവ അലവൻസിനുമായി ധനവകുപ്പ് കെഎസ്ആർടിസിക്ക് സെപ്റ്റംബർ 1ന് മുൻപ് 103 കോടി രൂപ അനുവദിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ച നടത്തിയത്.