തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നടപടിയുമായി വനിത ശിശുവികസന വകുപ്പ്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിത ശിശുവികസന ഡയറക്ടര്‍ വിളിച്ചുവരുത്തി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഷിജുഖാനോട് ആവശ്യപ്പെട്ടു. അനുപമയുടെ പരാതിയില്‍ പൊലീസും അന്വേഷണം ഊര്‍ജിതപ്പെടുത്തി. ജനന രജിസ്റ്റര്‍ അടക്കമുള്ള നിര്‍ണായ രേഖകള്‍ ആശുപത്രിയില്‍ നിന്ന് ശേഖരിച്ചു.
ALSO READ:സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം, പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല: അനുപമ
അതേസമയം അനധികൃത ദത്ത് കേസില്‍ അനുപമയുടെ അച്ഛനും കുടുംബവും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ല കോടതിയിലാണ് ആറ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.
അനധികൃത ദത്ത് വിവാദം നാണക്കേടുണ്ടാക്കിയതോടെ ഷിജുഖാനും അനുപമയുടെ അച്ഛന്‍ പി.എസ്. ജയചന്ദ്രനുമെതിരെ സി.പി.എം നടപടി എടുത്തേയ്ക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നു. ഷിജു ഖാനെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയേക്കും.