തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്‍റെ വി കെയർ പദ്ധതിയിലൂടെ ഷഹബാസിന് ലഭിച്ചത് പുതുജീവൻ. ടൈപ്പ് ഒന്ന് പ്രമേഹ രോഗം ബാധിച്ച് ദുരിതത്തിലായിരുന്ന ഷഹബാസ് എന്ന ഇരുപത്തിനാലുകാരിക്ക് ചികിത്സയുടെ ഭാഗമായി ഇൻസുലിൻ പമ്പ് ശരീരത്തിൽ ഘടിപ്പിച്ചിരിക്കുകയാണ്. അഞ്ച് ലക്ഷം രൂപ ചിലവ് വരുന്ന ഈ ചികിത്സ സൗജന്യമായാണ് സാമൂഹിക സുരക്ഷ മിഷൻ ചെയ്‌തു കൊടുത്തത്. ഇത്രയും തുക മുടക്കിയുള്ള ചികിത്സക്ക് നിവൃത്തിയില്ലാതിരുന്ന ഷഹബാസിനും ഡ്രൈവറായ ഭർത്താവ് ഷുഹൈബിനും സർക്കാരിന്‍റെ ഈ കൈത്താങ്ങ് ഏറെ ആശ്വാസം പകരുന്നതാണ്.
ചികിത്സക്ക് ശേഷം ഷഹബാസ് ഭർത്താവിനും മകൾ ഐഷയ്ക്കുമൊപ്പം ആരോഗ്യ മന്ത്രി കെ.കെ ഷൈലജയെ നേരിട്ട് കണ്ട് നന്ദി അറിയിച്ചു. ശരീരത്തിലെ പ്രമേഹത്തിന്‍റെ അളവ് നിയന്ത്രിക്കുന്നതിനാണ് ഇൻസുലിൻ പമ്പ് ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ആദ്യ പ്രസവത്തിന് ശേഷമാണ് ഷഹബാസിന് അസുഖം ബാധിച്ചത്. പ്രസവത്തിൽ കുഞ്ഞിനെ നഷ്‌ടമായിരുന്നു. വി കെയർ പദ്ധതിയിലെ ഫണ്ടുപയോഗിച്ച് 650 ഓളം പേർക്ക് ഇതുവരെ സഹായം എത്തിക്കാൻ കഴിഞ്ഞതായി ആരോഗ്യമന്ത്രി അറിയിച്ചു.