തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ജയിലിൽ ആക്കിയത് കൊണ്ടൊന്നും അദ്ദേഹം ആഹ്വാനം ചെയ്‌ത സമരപരമ്പര നിന്ന് പോകില്ലെന്ന് യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ (Shafi Parambil on Rahul Mamkootathils arrest). സമര പരമ്പരയ്ക്ക് തുടക്കം ഇവിടെ കുറിക്കുകയാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം (Youth Congress March).
തീവ്രവാദിയെ അറസ്റ്റ് ചെയ്യും പോലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് നാടകത്തിന്‍റെ ഉദ്ദേശം യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് നോക്കിയിരുന്നോ എന്ന സന്ദേശം ആയിരുന്നോ. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കോളർ പിടിച്ച പൊലീസുകാർ തമ്പ്രാക്കളെ തൃപ്‌തിപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കിൽ മര്യാദയ്ക്ക് ശമ്പളം വാങ്ങില്ല.
പിണറായി വിജയന് അടിമ പണി ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ പേരകുട്ടിക്ക് പാലും ബിസ്ക്കറ്റും വാങ്ങിയാൽ മതി. വാ മോനെ ആർഷോ എന്ന് വിളിച്ചപ്പോ അലിഞ്ഞ എസ് എഫ് ഐക്കാർക്ക് സിപിഎം സംസ്ഥാന സെക്രട്ടറി ക്ലാസ് എടുത്താൽ മതി. യൂത്ത് കോൺഗ്രസുകാരോട് വേണ്ടന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മെഡിക്കൽ ആനുകൂല്യം വേണ്ട ജയിലിൽ പോകാൻ തയ്യാറാണ് എന്നാണ് രാഹുൽ പറഞ്ഞത്.
എന്നാൽ പരിശോധന നടത്തിയത് ഡോക്‌ടർമാരുടെയും പാർട്ടിയുടെയും നിർദേശം മൂലമാണെന്നും മെഡിക്കൽ റിപ്പോർട്ട് കൊടുത്ത ഡോക്‌ടറെ രാഷ്ട്രീയത്തിലുള്ളവർ സ്വാധീനിച്ചുവെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ വ്യാപകമായ പ്രതിഷേധമാണ് കോണ്‍ഗ്രസിന്‍റെയും യു ഡി എഫിന്‍റെയും നേതൃത്വത്തിൽ ഉയരുന്നത്. അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ 10.30 ഓടെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ അക്രമത്തില്‍ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് അറസ്റ്റ്.
നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡി വൈ എഫ് ഐ പ്രവർത്തകരും ചേർന്ന് മർദിച്ചതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നത്. ഇത് അക്രമാസക്തമാവുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.
രാഹുലിന്‍റെ അടൂരിലുള്ള വീട്ടിലെത്തി ഇന്നലെ പുലർച്ചെയോടെയായിരുന്നു അറസ്റ്റ്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകളും അന്യായമായി സംഘം ചേരല്‍, ഗതാഗത തടസം സൃഷ്‌ടിക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കുന്ന വകുപ്പുകളും ചുമത്തിയാണ് അറസ്റ്റ്.
ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്‌റ്റ്; 'ഇതുകൊണ്ട് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാകില്ല':വിഡി സതീശന്‍
ALSO READ: രാഹുൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചില്ല, നടന്നത് താരപരിവേഷത്തിനുള്ള ശ്രമം : പിഎ മുഹമ്മദ് റിയാസ്