തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആൾമാറാട്ടം നടത്തിയെന്ന കേസിൽ കാട്ടാക്കട ക്രിസ്‌ത്യന്‍ കോളജ് പ്രിൻസിപ്പാള്‍ ഷൈജുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ വാദം പൂർത്തിയായി. തെരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ഥിക്ക് പകരം മറ്റൊരാളെ ഉള്‍പ്പെടുത്തിയത് സദുദ്ദേശ്യത്തോട് കൂടിയാണ്. യുയുസിയായി നിലവിലെ സ്ഥാനാർഥി മത്സരിക്കുന്നില്ലെന്ന് വന്നപ്പോള്‍ ഈ സ്ഥാനത്ത് മറ്റൊരാളെ മത്സരിപ്പിക്കാൻ അനുവദിക്കുക മാത്രമാണ് ചെയ്‌തതെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ പ്രതി, സ്ഥാനാർഥി പട്ടിക വെട്ടിത്തിരുത്തിയത് തന്നെയെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. ജാമ്യഹർജിയിൽ ഉത്തരവ് വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ് ജൂൺ 15 വരെ നീട്ടി. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹനന്‍റേതാണ് ഇടക്കാല ഉത്തരവ്. കോളജ് പ്രിൻസിപ്പാള്‍ എന്ന നിലയിൽ ചെയ്യേണ്ട സർവകലാശാല ചട്ടങ്ങൾ മാത്രമേ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളൂ. വ്യാജ രേഖ ചമച്ചുവെന്ന് പറയുന്നതിന് രാഷ്ട്രീയ ആരോപണം മാത്രമാണ്. ഇങ്ങനെ ഒരു കാര്യം നടന്നെങ്കിൽ ഇലക്ഷൻ അധികാരി പരാതി നൽകുമായിരുന്നു. ഇവിടെ അത്തരം സാഹചര്യമില്ല. പിന്നെ എങ്ങനെ വ്യാജ രേഖ ചമച്ചുവെന്ന് പൊലീസ് പറയുമെന്നും പ്രതിഭാഗം വാദിച്ചു.
'അതിനുള്ള അധികാരം സർവകലാശാല രജിസ്റ്റാർക്ക്': ഇലക്ഷൻ നിന്ന് പോവാതിരിക്കുവാൻ നല്ല ഉദ്ദേശ്യത്തേടെ ചെയ്‌ത പ്രവർത്തിയാണിത്. ഇവിടെ നടന്നത് ഡിസിപ്ലിനറി ആക്ഷൻ മാത്രമേ ഉള്ളൂവെന്ന് പ്രതിഭാഗം അഭിഭാഷകൻ ശാസ്‌തമംഗലം എസ് അജിത്ത് കുമാർ വാദിച്ചു. എന്നാല്‍, പബ്ലിക് പ്രോസിക്യൂട്ടർ ഈ വാദങ്ങള്‍ തള്ളി. പുതിയ സ്ഥാനാർഥിയെ തീരുമാനിക്കുന്ന പൂർണ അധികാരം സർവകലാശാല രജിസ്റ്റാർക്കാണ്, പ്രിൻസിപ്പാളിന് അല്ല. ഇവിടെ ഒരു പാനൽ ഇല്ല. എന്നാൽ, മത്സരാർഥികളുടെ പേരുകൾ ഉണ്ടായിരുന്ന ലിസ്റ്റ് ഉണ്ടായിരുന്നു. ഈ ലിസ്റ്റ് പ്രിൻസിപ്പാള്‍ എന്നനിലയിൽ വെട്ടിത്തിരുത്തി. സർവകലാശാല ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് പ്രതി ഭാഗത്തിന് മറുപടി നൽകി.
കോടതി നിർദേശം അനുസരിച്ച് അന്വേഷണ സംഘം കേസ് ഡയറി ഹാജരാക്കിയിരുന്നു. ഒന്നാം പ്രതിയും കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പാളുമായ ജിജെ ഷൈജു നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി വിശാഖ് കേസിലെ രണ്ടാം പ്രതി. സർവകലാശാല രജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
'ആൾമാറാട്ടത്തിൽ പങ്കില്ല': എസ്എഫ്ഐ ആൾമാറാട്ടത്തിൽ അന്വേഷണ കമ്മിഷനെ ചുമതലപ്പെടുത്തി സിപിഎം. ഇതിനായി ഡികെ മുരളി, പുഷ്‌പലത എന്നിവരടങ്ങുന്ന കമ്മിഷനെയാണ് നിയോഗിച്ചത്. മെയ് 22നായിരുന്നു നടപടി. തിരുവനന്തപുരം ജില്ല സെക്രട്ടേറിയറ്റിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സംഭവത്തിൽ പാർട്ടി അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎമാരായ ഐബി സതീഷും ജി സ്‌റ്റീഫനും പാർട്ടിക്ക് കത്ത് നൽകിയിരുന്നു. ആൾമാറാട്ടത്തിൽ പങ്കില്ലെന്നും അന്വേഷിക്കണമെന്നുമായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പാള്‍ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖിനെ രണ്ടാം പ്രതിയാക്കിയും കേസ് രജിസ്‌റ്റർ ചെയ്‌തത്.