തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരാമർശവുമായി സംസ്‌കൃത കോളജ് കവാടത്തിൽ എസ്എഫ്ഐയുടെ ബാനർ. സംസ്‌കൃത കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയാണ് ബാനർ കെട്ടിയത്. 'ഗവർണറിന്‍റെ തന്തേടെ വകയല്ല രാജ് ഭവൻ' എന്ന അധിക്ഷേപ പരാമർശമാണ് ബാനറില്‍.
ബാനർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രാജ്ഭവൻ ഇടപെട്ടു. സംഭവം ഗൗരവത്തോടെ കാണുന്നു എന്നാണ് രാജ്ഭവനിൽ നിന്നുള്ള പ്രതികരണം. സംഭവത്തിൽ കേരള സർവകലാശാല വൈസ് ചാൻസലറോടും, പ്രിൻസിപ്പലിനോടും രാജ്ഭവൻ വിശദീകരണം തേടി.
ഗവർണറെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള ബാനർ വിവാദമായതോടെ സംസ്‌കൃത കോളജ് കവാടത്തിൽ നിന്നും എസ്എഫ്ഐ പ്രവർത്തകർ ബാനർ നീക്കി. ഗവർണറോട് രാഷ്‌ട്രീയപരമായ എതിർപ്പാണുള്ളതെന്നും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനോട് യോജിക്കാനാകില്ലെന്നുമാണ് എസ്എഫ്ഐ ജില്ല നേതൃത്വം വിഷയത്തിൽ പ്രതികരിച്ചത്. ബാനർ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കോളജ് കവാടത്തിൽ നിന്നും നീക്കാൻ നിർദേശം നൽകിയതായി പ്രിൻസിപ്പൽ ഡോ. ശോഭ കെ ഡിയും അറിയിച്ചു.