തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന്‍റെ പേരിൽ പ്രതിപക്ഷം കലാപത്തിന് ശ്രമിക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. വിമോചന സമരത്തിന് സമാനമായ അന്തരീക്ഷമാണ് ഉണ്ടാക്കുന്നത്. തീപിടിത്തവുമായി ബന്ധപ്പെട്ട് സർക്കാർ എല്ലാ കാര്യത്തിലും ശരിയായ നിലപാട് സ്വീകരിച്ചു. പ്രതിപക്ഷം എഴുതി തയ്യാറാക്കിയ തിരക്കഥയനുസരിച്ച് ട്വിസ്റ്റും ക്ലൈമാക്‌സും സസ്‌പെന്‍സും ഉണ്ടാക്കാനാണ് ശ്രമിച്ചത്. അതിവിചിത്രമായ കാര്യങ്ങളാണ് നടന്നത്. തീപിടിത്തത്തിനെതിരെ സമരം നടത്തിയതിന്‍റെ സംതൃപ്‌തിയിലാണ് പ്രതിപക്ഷമെന്നും എ. വിജയരാഘവൻ പറഞ്ഞു.
ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിൽ നിന്ന് മാറി നിൽക്കുന്നത് സ്വാഗതാർഹമാണ്. അവർ ഭാവി രാഷ്‌ട്രീയം വ്യക്തമാക്കിയാൽ എൽ.ഡി.എഫ് ചർച്ച ചെയ്യും. കെ.എം മാണിക്കെതിരെ സമരം ചെയ്‌തത് അന്നത്തെ രാഷ്‌ട്രീയ നിലപാടായിരുന്നു. മരിച്ചുപോയ അദ്ദേഹത്തെപ്പറ്റി ആക്ഷേപം പറയുന്നത് സംസ്‌കാരമല്ല. നല്ല ഭരണാധികാരിയും വ്യക്തിമുദ്ര പതിപ്പിച്ച രാഷ്‌ട്രീയക്കാരനും ആയിരുന്നു കെ.എം മാണി. ഇപ്പോഴത്തെ നിലപാട് അടിസ്ഥാനപ്പെടുത്തിയാണ് രാഷ്‌ട്രീയത്തിൽ തീരുമാനം എടുക്കുകയെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്‍ പറഞ്ഞു.