തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം സംബന്ധിച്ച് വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഐഎഎസിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. തീപിടിത്തം സംബന്ധിച്ച് അപകീർത്തിപരമായ വാർത്തകൾ പ്രസിദ്ധീകരിച്ചവർക്കെതിരെ ക്രിമിനൽ ചട്ടം 199 (2) പ്രകാരം നടപടി സ്വീകരിക്കാനാണ് അഡ്വക്കേറ്റ് ജനറലിന് സംസ്ഥാനസർക്കാർ നൽകിയിരിക്കുന്ന നിയമോപദേശം. ഇത് പ്രകാരം ഉചിതമായ കോടതിയിൽ കേസ് ഫയൽ ചെയ്യാനാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടവർക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചവർക്കെതിരെയാണ് സർക്കാർ നിയമ നടപടി സ്വീകരിക്കുന്നത്. ഓഗസ്റ്റ് 25നാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. ഇതുസംബന്ധിച്ച് പല മാധ്യമങ്ങളിലും തെറ്റായ വാർത്തകൾ നൽകി എന്നാണ് സർക്കാർ നിലപാട്. സുപ്രധാന ഫയലുകൾ കത്തിനശിച്ചു എന്ന സൂചനകൾ നൽകുന്ന വാർത്തകൾ മാധ്യമങ്ങൾ നൽകിയെന്നാണ് സർക്കാർ ആരോപിക്കുന്നത്. ഇത്തരം വാർത്തകൾക്കെതിരെ പ്രസ് കൗൺസിലിനെ സമീപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.