തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തിച്ചു (Second Vande Bharat Train Reached Kerala). ഇന്ന് (സെപ്‌റ്റംബര്‍ 21) പുലർച്ചെ 4.30ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലാണ് വന്ദേഭാരത് ട്രെയിൻ എത്തിച്ചത് (Vande Bharat Train at Kochuveli). ഞായറാഴ്‌ചയാണ് പുതിയ വന്ദേഭാരതിന്‍റെ ഉദ്‌ഘാടന സർവീസ്.
കാസര്‍കോട് നിന്നാകും ആദ്യ സർവീസ്. രാജ്യത്തെ വിവിധ റൂട്ടുകളിലായി ഒന്‍പത് വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോൺഫറൻസിങ് വഴി ഞായറാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഡിസൈനിൽ മാറ്റം വരുത്തിയ പുതിയ നിറത്തിലുള്ള ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. കാവി, വെള്ള നിറങ്ങള്‍ കലർന്ന ട്രെയിനാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്.
എട്ട് കോച്ചുകളാണ് രണ്ടാം വന്ദേഭാരതിലുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്‌തുകൊണ്ടുള്ള സർവീസുകൾക്ക് ബുധനാഴ്‌ച തുടക്കമാകുമെന്നാണ് ലഭ്യമാകുന്ന സൂചന. നിലവിലെ അറിയിപ്പ് പ്രകാരം കാസർകോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കായിരിക്കും പുതിയ വന്ദേഭാരത് സർവീസ് നടത്തുക.
രാവിലെ 7 മണിക്ക് കാസർകോട് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് ശേഷം 3:05 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർകോട് എത്തുന്ന തരത്തിൽ ആകും സർവീസ്. ആഴ്‌ചയിൽ ആറ് ദിവസം സർവീസ് നടത്തും. കൊല്ലം, ആലപ്പുഴ, എറണാകുളം സൗത്ത്, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.
രണ്ടാം വന്ദേഭാരത് റൂട്ട് പ്രഖ്യാപനത്തിന് മുന്നോടിയായി ഐസിഎഫ് ജനറൽ മാനേജർ കഴിഞ്ഞ ദിവസം കാസർകോട് റെയിൽവേ സ്‌റ്റേഷൻ സന്ദർശിച്ചിരുന്നു. ഒന്നാം വന്ദേഭാരതിലെ സൗകര്യങ്ങളെക്കുറിച്ച് യാത്രക്കാരോട് ചോദിച്ചറിയുകയും വന്ദേഭാരതിൽ കയറി വിലയിരുത്തിയതിന് ശേഷം ജീവനക്കാർക്ക് വേണ്ട നിർദേശങ്ങൾ നൽകിയുമാണ് അദ്ദേഹം മടങ്ങിയത്. സർവീസ് നടത്താൻ വന്ദേഭാരത് പൂർണ സജ്ജമാണെന്നും ജീവനക്കാർക്കായുള്ള പരിശീലനം പൂർത്തിയായിട്ടുണ്ടെന്നും റൂട്ട് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് റെയിൽവേ മന്ത്രാലയമാണെന്നും ഉന്നതതല സംഘം നേരത്തെ അറിയിച്ചിരുന്നു.