തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ പുനരാലോചനയുമായി സർക്കാർ. ജി.എസ്.ടി കുടിശ്ശിക കിട്ടുമെന്ന കേന്ദ്രത്തിൻ്റെ ഉറപ്പിന്മേലാണ് ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ടു പോകുന്നത്. ജി.എസ്.ടി നഷ്ടപരിഹാരത്തിന് കേന്ദ്രം മുന്നോട്ടു വച്ച നിർദേശം അംഗീകരിച്ചാൽ 8000 കോടിയോളം രൂപ സംസ്ഥാനത്തിന് അധികം കടമെടുക്കാനാകും. ഈ തുക ലഭിച്ചാൽ സാലറി കട്ട് ഒഴിവാക്കാമെന്ന തീരുമാനത്തിലാണ് സർക്കാർ. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ഏപ്രിൽ മുതൽ ഓഗസ്ത് വരെ പിടിച്ച ഒരു മാസത്തെ ശമ്പളം അടുത്ത ഏപ്രിലിൽ പിഎഫിൽ ലയിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഉത്തരവ് ഇറങ്ങിയിട്ടില്ല. ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെ ഭരണപക്ഷ സർവീസ് സംഘടനകളുടെയടക്കം വ്യാപക എതിർപ്പ് ഉയർന്നിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും വീണ്ടും ശമ്പളം പിടിച്ച് ജീവനക്കാരെ ബുദ്ധിമുട്ടിക്കേണ്ടന്ന നിലപാടാണ് സ്വീകരിച്ചത്. രാഷ്ട്രീയ തീരുമാനത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് സാലറി കട്ട് ഒഴിവാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.