തിരുവനന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ്) ക്യാമറകളുടെ പ്രവർത്തനം വ്യാഴാഴ്‌ച മുതൽ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 726 എ ഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്താൻ 675 ക്യാമറകളും അനധികൃത പാർക്കിങ്ങുകൾ കണ്ടെത്താന്‍ 25 ക്യാമറകളും അമിത വേഗം തിരിച്ചറിയുന്നതിന് 4 ക്യാമറകളും, ലൈൻ തെറ്റിക്കൽ, ട്രാഫിക് സിഗ്നൽ തെറ്റിക്കൽ എന്നിവ കണ്ടെത്തുന്നതിനായി 18 ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. എഐ ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഉടനടി നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.
നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ തുകകള്‍: സംസ്ഥാനത്തെ നിരത്തുകളില്‍ ഹെൽമെറ്റില്ലാത്ത യാത്ര ചെയ്യുന്നതിന് 500 രൂപയും പിൻസീറ്റിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നതിന് 500 രൂപയും ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേർ യാത്ര ചെയ്യുന്നതിന് 1000 രൂപയും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് 2000 രൂപയും നാലുചക്ര വാഹനങ്ങളിൽ സീറ്റ് ബെൽറ്റില്ലാതെ യാത്ര ചെയ്യുന്നതിന് 500 രൂപയും അമിത വേഗത്തിന് 1500 രൂപയും അനധികൃത പാർക്കിങിന് 250 രൂപയുമാണ് പിഴ.
ക്യാമറ മെയ്‌ന്‍റനന്‍സ് കെല്‍ട്രോണിന്‍റെ ബാധ്യത: സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറയുടെ മെയിൻ്റനൻസിൻ്റെയും സർവീസിൻ്റെയും ചുമതല കെൽട്രോണിനാണ്. 232.25 കോടി രൂപ ചെലവിലാണ് എഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കണക്‌ടിവിറ്റി, ഡേറ്റ വിശകലനം, ജീവനക്കാർ, സൗരോർജ സംവിധാനം എന്നിവയ്ക്കായി മൂന്ന് മാസത്തിലൊരിക്കൽ മൂന്നര കോടി രൂപ കെൽട്രോണിന് നൽകും. എഐ ക്യാമറകളിൽ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങൾ തിരുവനന്തപുരം മൺവിളയിലെ കെൽട്രോണിന്‍റെ ഡാറ്റ സെന്‍റര്‍ ബാങ്കിലാണ് ശേഖരിക്കുന്നത്.
ഈ ദൃശ്യങ്ങള്‍ ലിസ്റ്റ് ചെയ്‌ത് ജില്ല കൺട്രോൾ റൂമുകൾക്ക് കൈമാറും. ഇവിടെ നിന്നും നാഷണൽ ഡാറ്റ ബേസിന് കൈമാറി ഇ- ചെലാൻ സൃഷ്‌ടിക്കുകയും തുടർന്ന് വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴ സന്ദേശം നൽകുകയും ചെയ്യും. അഞ്ച് വർഷത്തേക്ക് കെൽട്രോണിനാണ് എഐ ക്യാമറയുടെ മെയിൻ്റനൻസ് ചുമതല. ദൃശ്യങ്ങൾ പരിശോധിച്ച് പിഴ തയ്യാറാക്കുന്ന ചുമതലയും കെല്‍ട്രോണിനാണ്.
ദൃശ്യങ്ങൾ പരിശോധിച്ച് പിഴ അംഗീകരിക്കേണ്ടത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗമാണ്. എ ഐ ക്യാമറകൾ ശേഖരിക്കുന്ന ദൃശ്യങ്ങൾ വീഡിയോ സ്‌കാനിങ് സോഫ്റ്റ് വെയറാണ് വിശകലനം ചെയ്യുന്നത്. അതേസമയം അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുകയാണ്. കാരണം 2018ലെ കേന്ദ്ര വിജ്ഞാപന പ്രകാരം നാലുവരി പാതകളിലെ വേഗത 100 കിലോമീറ്ററാണ്. എന്നാൽ 2014ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം വേഗത 90 കിലോമീറ്ററാണ്.
ഇരുചക്ര വാഹനങ്ങൾക്ക് 2018ലെ കേന്ദ്ര വിജ്ഞാപന പ്രകാരം വേഗത 80 കിലോമീറ്ററാണ്. 2014ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം വേഗത 70 കിലോമീറ്ററാണ്. ഈ സാഹചര്യത്തിൽ നിരവധി പേർ അകാരണമായി പിഴ നൽകേണ്ടി വരുമെന്നുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.
also read: ജനങ്ങളെ അടുപ്പിക്കാന്‍; സ്വിഫ്‌റ്റ് ബസുകളിലെ ടിക്കറ്റിനായി മൊബൈൽ ആപ്പ് അവതരിപ്പിച്ച് കെഎസ്‌ആര്‍ടിസി