തിരുവനന്തപുരം: വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരേ അപേക്ഷകർ തന്നെ പല തവണ അപേക്ഷകൾ സമർപ്പിക്കുന്നതും കൃത്യമായ മറുപടി നൽകാൻ കഴിയാത്ത സങ്കീർണ വിഷയങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. പിന്നീട് മറുപടിയിൽ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നൽകുകയും ചെയ്യുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അപേക്ഷകർക്കുള്ള സൗജന്യങ്ങളും ചിലർ ദുരുപയോഗം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ എഎൻ ഷംസീറിന്‍റെ സബ്‌മിഷനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. വിവരാവകാശ നിയമം കൂടുതൽ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ സെക്രട്ടറിയേറ്റിലും തുടർന്ന് മറ്റ് വകുപ്പുകളിലും വിവരാവകാശ അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കുന്നതിന് നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ വ്യക്തമായ മാനദണ്ഡം രൂപപ്പെടുത്താൻ സർക്കാരിന് എളുപ്പമല്ല. എന്നാൽ എന്താണ് ചെയ്യാൻ കഴിയുന്നതെന്ന് സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കോഴിക്കോട് സബ് ജയിലിൽ റിമാന്‍റ് പ്രതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ വിശദ അന്വേഷണത്തിന് ഉത്തരമേഖല ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എം.കെ മുനീറിന്‍റെ സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.