തിരുവനന്തപുരം: കേരളത്തോടുള്ള നിര്‍മല സീതാരാമന്‍റെ യുദ്ധപ്രഖ്യാപനമാണ് ഈ ബജറ്റെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഈ ബജറ്റില്‍ കേരളത്തിന് ഉണ്ടായത്. കേരളം ഉന്നയിച്ച ഒരാവശ്യങ്ങളും പരിഗണിച്ചില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17,872 കോടി രൂപയായിരുന്ന കേന്ദ്ര വിഹിതം ഇത്തവണ 15,236 കോടി രൂപയായി കുറച്ചു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കേന്ദ്ര വിഹിതമാണിതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ബജറ്റില്‍ നിന്നും നിര്‍മല സീതാരാമന്‍ പാഠം പഠിച്ചില്ല എന്നതിന്റെ തെളിവാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. രൂക്ഷമാകുന്ന സാമ്പത്തിക മാന്ദ്യത്തെ മറച്ച് വയ്ക്കാനുള്ള കസര്‍ത്ത് മാത്രമാണിത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാൻ മാത്രമാണ് ഈ ബജറ്റ് ഉപകരിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ ഒന്നരലക്ഷം കോടി രൂപ തന്നെയാണ് ഈ ബജറ്റിലും നീക്കി വച്ചിട്ടുള്ളത്. ഇത്തരത്തില്‍ കഴിഞ്ഞ ബജറ്റിന്റെ ആവര്‍ത്തനമാണ് ഈ ബജറ്റെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.