തിരുവനന്തപുരം: പകല്‍ സമയത്തെ താപനില ക്രമാതീതമായി ഉയരുന്നതിനെ തുടർന്ന് സംസ്ഥാനത്ത് ജോലി സമയം പുന:ക്രമീകരിച്ചു. ലേബര്‍ കമ്മീഷണർ ഡോ:എസ്.ചിത്രയാണ് തൊഴില്‍ സമയം പുന:ക്രമീകരിച്ച് ഉത്തരവിറക്കിയത്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാവും ഉത്തരവ് ബാധകമാകുക.
ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ മൂന്ന് മണി വരെ നിര്‍ബന്ധിത വിശ്രമം നല്‍കണം. ഇത് പ്രകാരം ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണി വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറാക്കി പുന:ക്രമീകരിക്കും. ഏപ്രില്‍ 30 വരെയാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഷിഫ്‌റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുടെ കാര്യത്തിലും നിയന്ത്രണമുണ്ട്. ഇത്തരം തൊഴിലാളികളുടെ രാവിലെയുള്ള ഷിഫ്‌റ്റ് ഉച്ചയ്‌ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഉച്ചയ്ക്കുള്ള ഷിഫ്‌റ്റ് ആരംഭിക്കുന്നത് മൂന്ന് മണിക്ക് ശേഷമാകണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
1958 ലെ കേരള മിനിമം വേതന ചട്ടം 24(3) പ്രകാരമാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ് നടപടി. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകള്‍ക്ക് ഉത്തരവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.