തിരുവനന്തപുരം: കരഞ്ഞും ചിരിച്ചും പാട്ടുപാടിയും ഒരു പാട് പേരെ വൈറലാക്കിയ ടിക് ടോക്കിനെ ഇന്ത്യ നാടുകടത്തിയപ്പോൾ ഹൃദയം തകർന്നവർ നിരവധിയാണ്. അതോടെ ടിക് ടോക്ക് വഴി നാടറിയുന്ന താരങ്ങളായവർ പെരുവഴിയായി. പക്ഷേ ടിക് ടോക്ക് താരങ്ങൾ ആശങ്കപ്പെടേണ്ട. ടിക് ടോക്കിന് പകരം ഇനി സോഷ്യല്‍മീഡിയയില്‍ വൈറലാകാൻ പോകുന്നത് മലയാളി വിദ്യാർഥി നിർമിച്ച " ടിക് ടിക്" ആപ്പാണ്. തിരുവനന്തപുരം സ്വദേശിയും എൻജിനീയറിങ് വിദ്യാർഥിയുമായ ആശിഷ് സാജനാണ് ടിക് ടിക് ആപ്പ് നിർമിച്ചത്. ആപ്പിൽ തന്നെ എഡിറ്റ് ചെയ്ത് വീഡിയോ അപ് ലോഡ് ചെയ്യാമെന്നതാണ് ടിക് ടിക്കിന്‍റെ പ്രത്യേകത.
ടിക് ടിക് മെയ്‌ഡ് ഇൻ ഇന്ത്യ എന്നാണ് ആപ്പിന്‍റെ മുഴുവൻ പേര്. ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്ന് "ടിക് ടിക്" ഡൗൺലോഡ് ചെയ്യാം. ടിക് ടോക്കിന് നിരോധനം വന്നതോടെ നിരവധി ടിക് ടോക്ക് ആരാധകർ ടിക് ടിക്കിന്‍റെ ഭാഗമായി. ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ ആപ്പ് ഹിറ്റായി. ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം അപ്രതീക്ഷിതമായി വർധിച്ചതോടെ സെർവറിന്‍റെ ശേഷി കൂട്ടുന്നതടക്കമുള്ള കാര്യങ്ങളിലാണ് ആശിഷ് സാജന്‍റെ ശ്രദ്ധ.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങിൽ ഐടി മൂന്നാം വർഷ വിദ്യാർഥിയായ ആശിഷ് വെബ് ആപ്പുകളാണ് ആദ്യം നിർമിച്ചത്. മൊബൈൽ ആപ്പുകൾക്ക് ആവശ്യക്കാർ ഉണ്ടെന്നറിഞ്ഞതോടെ ചുവടുമാറ്റി. ഇപ്പോൾ ചെറുകിട കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ആപ്പുകൾ നിർമിച്ചു നൽകുന്നുണ്ട്. ടിക് ടോക്കിൽ ഏഴു ലക്ഷം ഫോളോവർമാരുണ്ടായിരുന്ന ആശിഷിന്‍റെ സഹോദരി ആർദ്രയടക്കമുള്ള നിരവധി താരങ്ങൾ ഇപ്പോൾ ടിക് ടിക്കിലാണ്.
കളി കാര്യമായതോടെ ടിക് ടിക് നന്നായി മുന്നോട്ടു കൊണ്ടുപോകാൻ ഉറക്കമൊഴിഞ്ഞ് ജോലി ചെയ്യുകയാണ് ആശിഷ്. ഇതുവരെ എല്ലാം ഒറ്റയ്ക്കാണ് ചെയ്തത്. ഇനി ഒരു ടീമുണ്ടാക്കണം. നിക്ഷേപം വർദ്ധിപ്പിക്കണം. ആപ്പ് കൂടുതൽ ആസ്വാദ്യകരമാക്കണം തുടങ്ങി ലക്ഷ്യങ്ങൾ ഏറെയാണ് ആശിഷിന്.