തിരുവനന്തപുരം: പുനസംഘടനയിൽ എല്ലാവരെയും തൃപ്തിപ്പെടുത്താനായില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാവരെയും ഉൾക്കൊള്ളിക്കാനായില്ല. പുനസംഘടന നീണ്ടുപോയതിൽ വിഷമമുണ്ട്. ആരെയും മനപൂർവം ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ല. എല്ലാവരുമായി ചർച്ച ചെയ്താണ് കാര്യങ്ങൾ മുന്നോട്ട് നീക്കിയത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി സെക്രട്ടറിമാരുടെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
പുനസംഘടനയിൽ അതൃപ്തി പരസ്യമാക്കി കെ. മുരളീധരൻ രംഗത്തു വന്നതിനു പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. അതേസമയം മുല്ലപ്പള്ളിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ജനാധിപത്യ മര്യാദകൾ പാലിച്ച് പാർട്ടിയെ നയിക്കുന്നയാളാണ് മുല്ലപ്പള്ളിയെന്ന് ചെന്നിത്തല പറഞ്ഞു. പുനസംഘടനയിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടാണ് തീരുമാനമെടുത്തത്. പരാതികൾ സ്വാഭാവികമെന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സിയുടെ പുതിയ 96 സെക്രട്ടറിമാരാണ് ചുമതല ഏറ്റെടുത്ത്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.