തിരുവനന്തപുരം: കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊവിഡ് ബാധിച്ച് മരിച്ച പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണുന്നതിന് അടുത്ത ബന്ധുക്കൾക്ക് അവസരമൊരുക്കി സംസ്ഥാന സർക്കാർ. ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയാണ് ഈ തീരുമാനം അറിയിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജീവനക്കാരന് മൃതദേഹത്തിൻ്റെ മുഖം കവർ തുറന്ന് അടുത്തുള്ള ബന്ധുക്കൾക്ക് കാണിക്കാം. ഇതോടൊപ്പം നിശ്ചിത അകലം പാലിച്ച് മതപരമായ ചടങ്ങുകൾ ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ മൃതദേഹം സ്പർശിക്കാനോ ചുംബിക്കാനോ അനുവദിക്കില്ല. ചടങ്ങുകൾ നടക്കുമ്പോൾ ആളുകൾ കൂട്ടം കൂടാനും പാടില്ല. അറുപതു വയസിന് മുകളിൽ പ്രായമുള്ളവരും പത്ത് വയസിൽ താഴെയുള്ള കുട്ടികളും മറ്റു രോഗങ്ങൾ ഉള്ളവരും മൃതദേഹവുമായി നേരിട്ട് ഒരു സമ്പർക്കവും ഉണ്ടാകാൻ പാടില്ല.
മൃതദേഹം അടക്കം ചെയ്യുന്നതിന് നേരത്തെ നിശ്ചയിച്ചിട്ടുള്ള കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം കർശനമായി പാലിക്കണം. ഇതോടൊപ്പം തന്നെ ഇത്തരത്തിൽ കോവിഡ് ബാധിച്ച ആളുടെ മൃതദേഹം നേരിൽ കാണുകയും സംസ്കാരചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ വകുപ്പിന്‍റെ പുതിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.