തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി (Health Minister's Office) ബന്ധപ്പെട്ട വ്യാജ നിയമന തട്ടിപ്പ് (Fake Recruitment Scam) കേസിലെ രണ്ടാം പ്രതി ലെനിൻ രാജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഏഴാം അഡിഷണല്‍ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
ഹരിദാസിന്‍റെ മരുമകൾക്ക് ഓഫിസർ തസ്‌തികയിൽ ജോലി നൽകാമെന്ന് വാഗ്‌ദാനം നൽകി, ഒന്നും രണ്ടും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് പ്രോസിക്യുഷൻ വാദം. കേസിലെ ഒന്നാം പ്രതി അഖിൽ സജീവ്, മൂന്നാം പ്രതി റയീസ്, നാലാം പ്രതി ബാസിത് എന്നിവർ നിലവില്‍ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. പ്രതികളിൽ അഖിൽ സജീവ് ഒഴികെയുള്ള മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി നേരത്തേ തള്ളിയിരുന്നു.
റയീസിന്‍റെ ജാമ്യാപേക്ഷയും തള്ളി: നിയമന തട്ടിപ്പ് കേസിലെ മൂന്നാം പ്രതി റയീസിൻ്റെ ജാമ്യ അപേക്ഷ കഴിഞ്ഞദിവസമാണ് കോടതി തള്ളിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അഭിനിമോൾ രാജേന്ദ്രനാണ് റയീസിൻ്റെ ജാമ്യഹർജി തള്ളിയത്. ആയുഷ് മിഷന്‍റെ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി ഹരിദാസന്‍റെ മരുമകൾക്ക് അയച്ച് കൊടുത്തത് പ്രതിയുടെ ഫോണിൽ നിന്നാണെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ജാമ്യ ഹർജി തള്ളിയത്.
സർക്കാറിനെതിരെ പ്രതികൾ എന്തിന് ഗൂഢാലോചന നടത്തി എന്നും, എന്തിന് പ്രതികൾ തന്നെ പരാതി നൽകി എന്നതിനെപറ്റിയുള്ള അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ, ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കല്ലംമ്പള്ളി മനു കോടതിയില്‍ വാദിച്ചു. മാത്രമല്ല ആരോഗ്യമന്ത്രിയുടെ ഓഫിസിനെ സംശയ ദൃഷ്‌ടിയിലാക്കാൻ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരുകയാണ്.
സംഭവം ഇങ്ങനെ: ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടറായി മരുമകള്‍ക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുന്‍ സിഐടിയു ജില്ല ഓഫിസ് സെക്രട്ടറിയായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും ചേര്‍ന്ന് പല തവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് മലപ്പുറം സ്വദേശി ഹരിദാസന്‍ കുമ്മാളിയാണ് ആരോപണം ഉന്നയിച്ചത്. മകന്‍റെ ഭാര്യയ്‌ക്ക് മെഡിക്കല്‍ ഓഫിസര്‍ നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌താണ് പണം വാങ്ങിയതെന്നും ഇയാള്‍ ആരോപിച്ചിരുന്നു.
മാത്രമല്ല അഖില്‍ മാത്യു തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസ് പരിസരത്ത് നിന്ന് നേരിട്ട് ഒരുലക്ഷം രൂപയും പത്തനംതിട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ അഖില്‍ സജീവ് 25,000 രൂപ ഗൂഗിള്‍ പേ വഴിയും 50,000 രൂപ നേരിട്ടും വാങ്ങിയെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ അഖില്‍ മാത്യുവിന്‍റെ പേരില്‍ ആള്‍മാറാട്ടമാണ് നടന്നതെന്ന കണ്ടെത്തലിലാണ് പൊലീസ്.