തിരുവനന്തപുരം: യാത്രക്കൂലി ഇനത്തിലും ചരക്കു കൂലിയിനത്തിലും മാര്‍ച്ച് 31 ന് അവസാനിച്ച 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വരുമാനവുമായി ദക്ഷിണ റെയില്‍വേ. യാത്രക്കൂലിയിനത്തില്‍ മാത്രം 6345 കോടി രൂപ യാണ് ലഭിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 80 ശതമാനം വര്‍ധനയാണിത്.
3637.86 കോടി രൂപ എന്ന റെക്കോര്‍ഡ് വരുമാനമാണ് ചരക്കു കൂലിയിനത്തില്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 30 ശതമാനം കൂടുതലാണിത്. 37.94 ദശലക്ഷം ടണ്‍ ചരക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദക്ഷിണ റെയില്‍വേ കൈകാര്യം ചെയ്തത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 24 ശതമാനം കൂടുതലാണിത്.
തിരക്ക് കൂടുതലായ സമയങ്ങളിലും ഉത്സവ സീസണുകളിലും കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി ഓടിച്ചാണ് റെയില്‍വേ യാത്രക്കൂലി ഇനത്തില്‍ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. യാത്രക്കൂലി ഇനത്തില്‍ ദക്ഷിണ റെയില്‍വേ ഇതുവരെ ലഭിച്ച മികച്ച വരുമാനം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 5225 കോടി രൂപയായിരുന്നു. 640 ദശലക്ഷം യാത്രക്കാരാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ദക്ഷിണ റെയില്‍വേയിലൂടെ യാത്ര ചെയ്‌തത്.
ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 88.5 ശതമാനം കൂടുതലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 330.6 ദശലക്ഷം യാത്രക്കാരില്‍ നിന്നാണ് ഈ സാമ്പത്തിക വര്‍ഷം യാത്രക്കാരുടെ കാര്യത്തില്‍ ദക്ഷിണ റെയില്‍വേ വന്‍ കുതിപ്പ് നടത്തിയിരിക്കുന്നത്. സമയ കൃത്യതയുടെ കാര്യത്തില്‍ റെയില്‍വേ ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തിന്‍റെ 92 ശതമാനം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ അവകാശപ്പെട്ടു.
പുതുതായി സ്ഥാപിച്ച 239 ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍ ഉള്‍പ്പെടെ സ്ഥാപിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദക്ഷിണ റെയില്‍വേയെ കൂടുതല്‍ യാത്ര സൗഹൃദമാക്കാന്‍ കഴിഞ്ഞതും വരുമാന വര്‍ധനയ്ക്ക് കാരണമായിട്ടുണ്ടെന്ന് റെയില്‍വേ അവകാശപ്പെട്ടു. 2023 മാര്‍ച്ച് മാസത്തില്‍ മാത്രം 4.05 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്‌തു. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 5.2 ദശലക്ഷം ടണ്‍ പെട്രോളിയം ഉത്പന്നങ്ങളും 3.23 ദശലക്ഷം ടണ്‍ ഭക്ഷ്യ ധാന്യങ്ങളും 0.78 ദശലക്ഷം ടണ്‍ വാഹനങ്ങളും കൈകാര്യം ചെയ്‌തതായും ദക്ഷിണ റെയില്‍വേ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.