തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലെ ക്വാറന്‍റൈനിന്‍റെ കാര്യത്തില്‍ സർക്കാർ പറഞ്ഞത് കള്ളമെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്വാറന്‍റൈൻ കാര്യത്തില്‍ സർക്കാർ ഇറക്കുന്ന ഉത്തരവുകൾ അവ്യക്തമാണ്. പണം നല്‍കിയുള്ള ക്വാറന്‍റൈനാണോ സൗജന്യ ക്വാറന്‍റൈനാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും ഐസിയു സൗകര്യം വര്‍ധിപ്പിക്കുന്നതിലും സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണം.
കേരളത്തില്‍ വളരെ കുറച്ച് ടെസ്റ്റുകള്‍ മാത്രമാണ് നടക്കുന്നത്. നമുക്ക് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കുന്നില്ലെന്ന് പറയുന്നത് മുടന്തന്‍ ന്യായം. പരിശോധനാ ഫലം വൈകുന്നത് ഒഴിവാക്കണം. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണം. ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നാലും ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാരിന്‍റെയും നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.