തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കി. സര്‍ക്കാരിന്‍റെ അഴിമതിയും ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളും പുറത്ത് കൊണ്ടു വരുന്ന പ്രതിപക്ഷ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷ നേതാവിന്‍റെ കത്തില്‍ പറയുന്നു.
സി.എ.ജി റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചിട്ടുള്ള ചട്ടവിരുദ്ധമായ ഇടപാടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അഴിമതി ചൂണ്ടിക്കാട്ടുന്നവരുടെ ഫോണ്‍ ചോര്‍ത്തുന്നത് ജനാധിപത്യത്തിന് കളങ്കവും വിസില്‍ ബ്ലോവേഴ്‌സ് ആക്‌ടിന്‍റെ ലംഘനവുമാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തലിന് നേതൃത്വം നല്‍കിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഫോണ്‍ ചോര്‍ത്തല്‍ സാധൂകരിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.