തിരുവനന്തപുരം: എൽഡിഎഫ് കൺവീനവറായ ഇ പി ജയരാജനെതിരെ ഉയർന്ന ആരോപണം അതീവ ഗൗരവകരമെന്നും വിഷയത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് കൺവീനവർ കൂടിയായ ജയരാജൻ മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്‌തിരിക്കുന്നുവെന്നാണ് ആരോപണത്തിൽ വ്യക്തമാവുന്നത്. പാർട്ടിയിലെ മുതിർന്ന നേതാവിന്‍റെ ഭാഗത്ത് നിന്നു തന്നെ ആരോപണം ഉണ്ടായത് വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ആരോപണം, പാർട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി ഒഴിവാക്കി മുഖ്യമന്ത്രി, വിഷയത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണത്തിൽ പാർട്ടി സെക്രട്ടറിയുടെ മൗനം ദുരൂഹമാണെന്നും ഒന്നാം പിണറായി സർക്കാരിലെ രണ്ടാം സ്ഥാനക്കാരനായ ഇപിയുടെ നേരെയുള്ള ആരോപണം മഞ്ഞു മലയുടെ അഗ്രം മാത്രമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.