തിരുവനന്തപുരം: കേരളത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിലെ ഇതിഹാസ തുല്യമായ ജീവിതമാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ ഇല്ലാതായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രം സൃഷ്ടിക്കുകയും സ്വയം ചരിത്രമാവുകയും ചെയ്യുന്ന അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അവര്‍. സ്ത്രീ എന്നത് പരിമിതിയല്ല കരുത്താണെന്ന് സ്വന്തം ജീവിതം കൊണ്ടവര്‍ തെളിയിച്ചു. അവിഭക്ത കമ്യുണിസ്റ്റ് പാര്‍ട്ടിയുടെയും പിന്നീട് സിപിഎമ്മിന്‍റെയും അതിന് ശേഷം ഐക്യജനാധിപത്യമുന്നണിയുടെയും നേതൃനിരയില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോഴും ഗൗരിയമ്മയെ നയിച്ചത് സ്വന്തം രാഷ്ട്രീയ ബോധ്യങ്ങളായിരുന്നു.
സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ചുറ്റപാടുകളില്‍ ജനിച്ച് വളര്‍ന്ന് അക്കാലത്തെ പല സ്ത്രീകള്‍ക്കും അപ്രാപ്യമായ ഉന്നത വിദ്യാഭ്യാസം നേടി നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലാക്കി ജനാധിപത്യ കേരളത്തിന്‍റെ കരുത്തയായ നേതാവായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞു. രാഷ്ട്രീയമായി മറുചേരിയില്‍ നില്‍ക്കുന്ന കാലത്ത് പോലും ഗൗരിയമ്മയുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു.
വിവാഹശേഷം എന്നെയും ഭാര്യയെയും വിളിച്ച് വിരുന്നുതന്ന ഗൗരിയമ്മയെ ഇപ്പോഴും ഞാനോര്‍ക്കുന്നു. സ്വന്തം മകന് നല്‍കുന്ന സ്നേഹവായ്‌പുകളാണ് അവര്‍ എന്നും പകര്‍ന്ന് നല്‍കിയിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. ഗൗരിയമ്മ കടന്നുപോകുന്നതോടെ ഒരു യുഗം അസ്‌തമിക്കുകയാണ്. നൂറ് വര്‍ഷങ്ങള്‍ക്കിടയ്ക്ക് മാത്രമേ ഇത്തരം ധന്യവും ഉദാത്തവുമായ ജീവിതങ്ങള്‍ നമ്മെ വിസ്‌മയിപ്പിച്ച് കടന്നുവരാറുള്ളൂവെന്നും ചെന്നിത്തല അനുസ്‌മരിച്ചു.