തിരുവനന്തപുരം: രാജ്‌ഭവനിലെ ജീവനക്കാർക്ക് സ്ഥിരം നിയമനം നൽകാൻ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വന്ന സാഹചര്യത്തിൽ വിശദീകരണവുമായി രാജ് ഭവൻ. ഗവർണർക്ക് അനുവദിക്കപ്പെട്ട തസ്‌തികളിൽ മാത്രമാണ് നിയമനത്തിന് ശുപാർശ ചെയ്തെന്ന് രാജഭവൻ പറയുന്നു. മുൻകാലങ്ങളിൽ ഗവർണർക്കുള്ളതിൽ കൂടുതലായും ഒരു നിയമനവും ഈ കാലയളവിൽ ആവശ്യപ്പെട്ടില്ലെന്നും രാജ്ഭവൻ വിശദീകരിച്ചു.
പുതിയതായി ഒരു തസ്‌തിക പോലും സൃഷ്‌ടിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. കുടുംബശ്രീ വഴി നിയോഗിച്ച 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ടത് ഒഴിവുകൾ ഉള്ളതിനാലാണ്. പത്ത് വർഷം വരെ ജോലി ചെയ്‌തവരെ സ്ഥിരപ്പെടുത്താമെന്ന് സംസ്ഥാന സർക്കാർ തീരുമാനമുണ്ടായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം ആവശ്യപ്പെട്ടത്. സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട ഫോട്ടോഗ്രാഫർ 23 വർഷമായി രാജ്ഭവനിൽ ജോലി ചെയ്യുന്നുണ്ട്. ഒഴിവുള്ള ഒരു തസ്‌തികയിലേക്ക് ഈ ഫോട്ടോഗ്രാഫറെ നിയമിക്കാനാണ് ആവശ്യപ്പെട്ടത്. അതിനായി ഒരു പുതിയ തസ്‌തികയും സൃഷ്‌ടിച്ചിട്ടില്ല. ഇത്തരത്തിലുള്ള പ്രചരണം വസതിക്ക് നിരക്കാത്തതാണെന്നും രാജ്ഭവൻ വിശദീകരിച്ചു.
ഇത് കൂടാതെ ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുന്നവർക്ക് ഒരു കാലഘട്ടത്തിലും പെൻഷൻ ലഭിക്കില്ലെന്നും. ഇതിനായി ഗവർണർ ശുപാർശ ചെയ്‌തിട്ടില്ലെന്നും രാജ്ഭവൻ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിലടക്കം സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടയിലാണ് ഗവർണർ മുഖ്യമന്ത്രിയ്ക്ക് രണ്ട് വർഷം മുമ്പ് അയച്ച കത്ത് പുറത്തുവന്നത്.