തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്പെട്ടതോടെ ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് ആണുള്ളത്.
രാവിലെ തിരുവനന്തപുരത്ത് മഴ അലര്‍ട്ടുകള്‍ ഒന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ 10 മണി കഴിഞ്ഞതോടെ തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. മഴ ശക്തിപ്പെട്ട സാഹചര്യം കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്ത് കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കുമെങ്കിലും അവധി പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഇന്ന് ക്ലാസുകള്‍ തുടങ്ങില്ല.
കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള തീരമേഖലയില്‍ നിലനില്‍ക്കുന്ന മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്റെ സാധാരണ സ്ഥാനത്തു നിന്നും തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ന്യുനമര്‍ദ്ദ പാത്തിയും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായും ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതചുഴികളും നിലനില്‍ക്കുന്നുണ്ട്. ഇവയുടെ എല്ലാം പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സംസ്ഥാന വ്യാപകമായി ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. മലയോര മേഖലകളിലും മഴ സജീവമാണ്. അതിതീവ്രമഴയുടെ സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യതയുമുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത വേണം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ കണക്കിലെടുത്ത് ഇക്കോ ടൂറിസം സെന്ററുകളായ പൊന്മുടി, കല്ലാര്‍, മിന്മുട്ടി, മങ്കയം എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. ജില്ലയിലെ മലയോര മേഖലകളില്‍ രാവിലെ മുതല്‍ മഴ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
ജില്ലകളിലെ കണ്ട്രോള് റൂ നമ്പറുകള്‍
തിരുവനന്തപുരം - 0471 2730067 (വാട്സ്ആപ്പ് - 9497711281)
കൊല്ലം- 0474 2794002 (വാട്സ്ആപ്പ് - 9447677800)
പത്തനംതിട്ട- 0468 2322515 (വാട്സ്ആപ്പ് - 8078808915)
ആലപ്പുഴ - 0477 2238630 (വാട്സ്ആപ്പ് - 9495003640)
കോട്ടയം - 0481 2565400 (വാട്സ്ആപ്പ് - 9446562236)
ഇടുക്കി - 0486 2233111 (വാട്സ്ആപ്പ് - 9383463036)
എറണാകുളം - 0484 2423513 (വാട്സ്ആപ്പ് - 9400021077)
തൃശ്ശൂര്‍ - 0487 2362424 (വാട്സ്ആപ്പ് - 9447074424)
പാലക്കാട് - 0491 2505309, 2505207 (വാട്സ്ആപ്പ് - 8921994727)
മലപ്പുറം - 0483 2736320 (വാട്സ്ആപ്പ് -9383464212)
കോഴിക്കോട് - 0495 2373902 (വാട്സ്ആപ്പ് - 9446538900)
വയനാട് - 04936 204151 (വാട്സ്ആപ്പ് - 8078409770)
കണ്ണൂര്‍ - 0497 2713266, 2700645 (വാട്സ്ആപ്പ് - 9446682300)
കാസര്‍ഗോഡ് - 0499 4257700 (വാട്സ്ആപ്പ് - 9446601700)