തിരുവനന്തപുരം : സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലുമായി വൈദ്യപരിശോധനക്ക് എത്തിയ പൊലീസ് വാഹനം തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ വൈദ്യപരിശോധനക്ക് എത്തിച്ചത്. ഇന്ന് (08.01.24) പുലര്‍ച്ചെ ആറു മണിക്ക് പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് 10.30 യോടെ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് എത്തിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വലിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രവര്‍ത്തകരെ നീക്കിയത്.
സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമ കേസിൽ പത്തനംതിട്ട ഏഴംകുളത്തെ വീട്ടിൽ നിന്നുമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ഫ്തിട്ടുള്ള മൂന്ന് കേസുകളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയാണ്. പ്രതിപക്ഷനേതാവ് വിഡി സതീശനാണ് കേസിൽ ഒന്നാം പ്രതി. നേരത്തെ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ജാമ്യത്തിലിറങ്ങിയിരുന്നു.
പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഗതാഗത തടസം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. ഇതിലാണിപ്പോള്‍ പൊലീസ് അപ്രതീക്ഷിതമായി വീട്ടിലെത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. വിവരം അറിഞ്ഞു വീട്ടിലെത്തിയ കോൺഗ്രസ് പ്രവർത്തകൻ രാഹുലിനെ കയറ്റിയ പൊലീസ് ജീപ്പിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പ്രവർത്തകനെ ജീപ്പിന് മുന്നിൽ നിന്ന് മാറ്റി.
പൊലീസ് എത്തി രാഹുലിനെ ജീപ്പിൽ കയറ്റുമ്പോൾ രാഹുലിന്റെ അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്താനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. നവകേരള സദസിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ഡിസംബര്‍ 20ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയത്. അക്രമാസക്തമായ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. ഇതില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും, സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കും ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Also Read: രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റില്‍ ; കന്‍റോണ്‍മെന്‍റ് പൊലീസ് നടപടി പുലര്‍ച്ചെ വീട്ടിലെത്തി