തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി ലഭിച്ചിരുന്ന റേഡിയോ തെറാപ്പി (റേഡിയേഷന്‍ )ചികിത്സ മുടങ്ങിയിട്ട് 2 വര്‍ഷം. റേഡിയേഷനായി ഉപയോഗിച്ചിരുന്ന മെഷിനുകള്‍ കാലഹരണപ്പെട്ട് ഉപയോഗ ശൂന്യമായതോടെയാണ് പ്രവര്‍ത്തനം നിലച്ചത്. നാളിതുവരെയായിട്ടും പുതിയ മെഷിന്‍ എത്തിയിട്ടില്ല. ഇതോടെ കാൻസർ രോഗികൾ ആർസിസിയില്‍ ചികിത്സ തേടുകയോ വലിയ തുക കൊടുത്ത് സ്വകാര്യ ആശുപത്രികളെ സമീപിക്കുകയോ വേണം.
ആശ്രയം ആർസിസി മാത്രം
ആര്‍സിസിയില്‍ ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് മാത്രമാണ് സൗജന്യ ചികിത്സ. അതിന് പുറമെ വലിയ തിരക്കും. സ്വകാര്യ ആശുപത്രിയില്‍ ഒരു ദിവസത്തെ ചികിത്സയ്ക്ക് 1000 മുതല്‍ 3000 വരെയാണ് ഓരോ റേഡിയേഷനും ഈടാക്കുന്നത്. ഒരു രോഗിക്ക് 10 ദിവസം മുതല്‍ 30 ദിവസം വരെ ചികിത്സയ്ക്കായി വേണ്ടി വരും. സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ ചികിത്സ സൗകര്യമുണ്ടായിട്ടും കുറവുകള്‍ പരിഹരിക്കാതെ ഈ കൊവിഡ് കാലത്ത് രോഗികളെ അധിക ബാധ്യതയിലേക്ക് തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നത്.
ആ ഉറപ്പൊക്കെ വെറുതെയാണ്
സൗജന്യ റേഡിയേഷൻ ചികിത്സ ഉടൻ പുനരാരംഭിക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള രോഗികളാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ബി.പി.എല്‍ ഒഴികെയുള്ള കാര്‍ഡുടമകള്‍ ചികിത്സ ചെലവ് താങ്ങാനാവാതെ ആലപ്പുഴയിലേക്കോ മറ്റ് മെഡിക്കല്‍ കോളജുകളിലേക്കോ എഴുതി വാങ്ങേണ്ട സാഹചര്യമാണ്.
കൊവിഡ് കാലത്ത് ഗുരുതര രോഗമുള്ളവര്‍ ദീര്‍ഘദൂര യാത്ര ചെയ്ത് മറ്റ് ജില്ലകളില്‍ ചികിത്സ തേടേണ്ടി വരുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്. റേഡിയോ തെറാപ്പി യൂണിറ്റിലേക്ക് ആവശ്യമായ മെഷിനുകളും അനുബന്ധ സൗകര്യങ്ങളും അടിയന്തരമായി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Also read: ഇമ്രാന്‍റെ ആരോഗ്യസ്ഥിതി; മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്