തിരുവനന്തപുരം: വിദ്യാർഥികൾ ഇരയായ സ്വകാര്യ മണി ചെയിൻ തട്ടിപ്പ് സംബന്ധിച്ച് ലഭിച്ച പരാതി ഗൗരവത്തിലെടുക്കുമെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച കേസ് മണ്ണന്തല പൊലീസിന്‍റെ അന്വേഷണത്തിലാണ്. സ്‌കൂൾ, കോളജ് വിദ്യാർഥികൾ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയില്‍ എംഎൽഎ മോൻസ് ജോസഫിന്‍റെ അടിയന്തര ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അട്ടക്കുളങ്ങര വനിത ജയിലിലെ തടവുകാരുടെ ജയിൽ ചാട്ടം, സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്. പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് തുടരന്വേഷണം ശക്തമാക്കും. ജയിൽ ചാടുന്നതിന് ജയിലിന് അകത്തു നിന്നോ പുറത്തു നിന്നോ സഹായം ലഭിച്ചോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ തസ്‌തികകളുടെ ട്രെയിനിങ് സിലബസ് പരിഷ്കരിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പൊതുജന സമ്പര്‍ക്കം മെച്ചപ്പെടുത്തുന്നതിനായി പൊലീസിന് സോഫ്റ്റ് സ്കിൽ പരിശീലനം നൽകും. വനിതാ ശിശു അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ ഇരക്ക് പരമാവധി പരിരക്ഷ നൽകുമെന്നും മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു.
സംസ്ഥാനത്തെ അഞ്ച് സർക്കാർ മെഡിക്കൽ കോളജുകൾ സ്റ്റെന്‍റ് വിതരണ കമ്പനികൾക്ക് 47,74,38,713 രൂപ നൽകാനുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ സഭയെ രേഖാമൂലം അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 22 കോടി രൂപ കുടിശികയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് 6,45,81,069 രൂപയും കോട്ടയം മെഡിക്കൽ കോളേജ് 6,04,29,370 രൂപയും തൃശൂർ 1,13,40,000 രൂപയുമാണ് കുടിശിക. കോഴിക്കോട് മെഡിക്കൽ കോളേജ് 12,10,95,274 രൂപ കുടിശിക നൽകാനുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 526 ക്ഷേത്രങ്ങളുടെ 494 ഏക്കർ ഭൂമി അന്യാധീനപ്പെട്ടതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ അറിയിച്ചു. ഭൂമി തിരിച്ചു പിടിക്കാൻ ദേവസ്വം ട്രിബ്യൂണൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അയിഷാ പോറ്റിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.